ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്; ടീകാറാം മീണ

വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്ന് ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുമെന്നും ടീകാറാം മീണ വ്യക്തമാക്കി.

ന്യൂഡല്‍ഹി: ലോകസഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചാരണ വിഷയമാക്കുന്നത് ചട്ടലംഘനമെന്ന് വീണ്ടും ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ. മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ടീകാറാം മീണ പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടിയെടുക്കുമെന്ന് ഹരിതചട്ടം കര്‍ശനമായി നടപ്പിലാക്കുമെന്നും ടീകാറാം മീണ വ്യക്തമാക്കി.

നേരത്തെയും ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞിരുന്നു. സാമുദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടു കൂടെയാണ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. പതിനേഴാം ലോകസഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. മൂന്നാം ഘട്ടമായ ഏപ്രില്‍ 23നാണ് കേരളത്തില്‍ വോട്ടെടുപ്പ്. മെയ് 23ന് വോട്ടെണ്ണും.

Exit mobile version