വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നെവനെ നിമിഷം പ്രതി ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ; അച്ഛനമ്മമാരോടും അധ്യാപകരോടും യാചനയുമായി ശാരദക്കുട്ടി

തിരുവനന്തപുരം: തങ്ങളുടെ മക്കളെ വീര പരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്ന് അച്ഛനമ്മമാരോടും അധ്യാപകരോടും നിമിഷം പ്രതി ഓര്‍മ്മിപ്പിക്കാന്‍ അഭ്യര്‍ത്ഥനയുമായി എഴുത്തുകാരി ശാരദക്കുട്ടി. തലമുറകളായി നമ്മള്‍ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റാനും ശാരദക്കുട്ടി  തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ യാചിക്കുന്നു.

പെണ്‍കുട്ടികളുടെ വളര്‍ച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആണ്‍കുട്ടികളിലുണ്ടാക്കണമേ എന്ന് ദൈവത്തോടും ശാരദക്കുട്ടി പ്രാര്‍ഥിക്കുന്നു. കൂടെ വളരുന്ന പെണ്‍കുട്ടികള്‍ക്ക് വഴിയില്‍ മുള്ളുടക്കാത്ത യാത്ര അനുവദിക്കണമേയെന്ന് ആണ്‍കുട്ടികളോടും യാചിക്കുന്നെന്ന് ശാരദക്കുട്ടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ഞാനെന്റെ നാട്ടിലെ അച്ഛനമ്മമാരോടും അധ്യാപകരോടും യാചിക്കുകയാണ്. അധികാരത്തിന്റെ ഭാഷയ്ക്കു പകരം നമ്മുടെ ആണ്‍കുട്ടികള്‍ക്ക് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും ധൈര്യം പകര്‍ന്നു നല്‍കേണമേ..വീരപുരുഷന്മാരുടെ കാലം കഴിഞ്ഞു പോയെന്നവനെ നിമിഷം പ്രതി ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരിക്കണമേ..തലമുറകളായി നമ്മള്‍ അവന്റെ കണ്ണടച്ചുകെട്ടിയ ആ ആണത്തത്തിന്റെ കറുത്ത കട്ടിശീല അഴിച്ചു മാറ്റേണമേ..

ഞാനെന്റെ ദൈവത്തോട് യാചിക്കുകയാണ്, പെണ്‍കുട്ടികളുടെ വളര്‍ച്ചയെ സമചിത്തതയോടെ നേരിടാനുള്ള ആത്മശേഷി എന്റെ ആണ്‍കുട്ടികളിലുണ്ടാക്കണമേ.. ബലമുള്ളവന്റെ ആ അന്ധത അവനില്‍ നിന്നെടുത്തു മാറ്റേണമേ..

ഞാനെന്റെ ആണ്‍കുട്ടികളോട് യാചിക്കുകയാണ്, നിങ്ങളുടെ കൂടെ വളരുന്ന പെണ്‍കുട്ടികള്‍ക്ക് വഴിയില്‍ മുള്ളുടക്കാത്ത യാത്ര അനുവദിക്കണമേ… അവരുടെ തിളങ്ങുന്ന സ്വപ്നങ്ങളുറങ്ങുന്ന കണ്ണുകളെ ശവക്കുഴികളാക്കരുതേ..

പെണ്‍കുട്ടികള്‍ക്ക് അഗ്‌നിപരീക്ഷകള്‍ ഒരുക്കുന്ന മഹാശിലാശാസനങ്ങളുടെ എല്ലാ ഓര്‍മ്മകളും പാഠങ്ങളും നിങ്ങളില്‍ നിന്ന് എന്നെന്നേക്കുമായി ഇല്ലാതായി പോകട്ടെ എന്ന് എന്റെ ആണ്‍ കുട്ടികളേ നിങ്ങളെ നെഞ്ചില്‍ ചേര്‍ത്ത് ഞാന്‍ പ്രാര്‍ഥിക്കുകയാണ്.

എസ്.ശാരദക്കുട്ടി

13.3.2019′

Exit mobile version