‘കേരള ചിക്കനു’ മായി കുടുംബശ്രീ; സെപ്തംബറില്‍ വിപണിയിലേക്ക്! കിലോഗ്രാമിന് 85 രൂപ നിരക്കില്‍ വില്‍പന

ഏറ്റക്കുറച്ചിലില്ലാതെ ഏകീകൃതവിലയ്ക്ക് ചിക്കന്‍ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം നടത്തിവരുന്നത്.

ആലപ്പുഴ: കുടുംബശ്രീയുടെ കേരള ചിക്കന്‍ സെപ്റ്റംബറില്‍ വിപണിയിലേക്കെത്തും. ഒരു കിലോഗ്രാമിന് 85 രൂപ നിരക്കിലാണ് ചിക്കന്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഏറ്റക്കുറച്ചിലില്ലാതെ ഏകീകൃതവിലയ്ക്ക് ചിക്കന്‍ ലഭ്യമാകുന്ന വിധത്തിലാണ് ക്രമീകരണം നടത്തിവരുന്നത്.

ഉത്പാദനം മുതല്‍ വിപണനം വരെ കോര്‍ത്തിണക്കിയാണ് കുടുംബശ്രീ ചിക്കന്‍മേഖലയില്‍ ചേക്കേറുന്നത്. നിലവില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തില്‍ 549 ചിക്കന്‍ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുതായി 935 എണ്ണംകൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലൂടെ ആദ്യഘട്ടത്തില്‍ പ്രതിദിനം 25,000 കിലോഗ്രാം ചിക്കന്‍വില്‍പ്പന നടത്താനാകും. ഇത് ക്രമേണ അഞ്ചുലക്ഷം വരെയാക്കി മാറ്റും.

കേരള ചിക്കന്‍ പ്രൊഡ്യൂസര്‍ കമ്പനി യാഥാര്‍ത്ഥ്യമായതോടെ ഉത്പാദനം മുതല്‍ വിപണനം വരെയുള്ള കാര്യങ്ങള്‍ ഒരു കുടക്കീഴിലായി മാറുകയാണ്. ആഴ്ചയില്‍ ഒരുലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിക്കുന്നതിനുള്ള ബ്രീഡര്‍ഫാമുകള്‍, ഒരു ജില്ലയില്‍ കുറഞ്ഞത് ഒന്നുവീതം എന്ന നിരക്കില്‍ ജില്ലാതല ഹാച്ചറികള്‍, സംസ്ഥാനവ്യാപകമായി 1000 ഇറച്ചിക്കോഴി വീതമുള്ള 1000 ഫാമുകള്‍, 50 ടണ്‍ ഉത്പാദനശേഷിയുള്ള മാംസസംസ്‌കരണശാല, ഇറച്ചി വില്‍ക്കുന്നതിനുള്ള കേന്ദ്രങ്ങള്‍, പ്രാദേശികാടിസ്ഥാനത്തില്‍ മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബ്രീഡര്‍ഫാമുകള്‍ ആരംഭിക്കുക. അതത് കുടുംബശ്രീ സിഡിഎസുകള്‍ക്കാണ് ഇതിന്റെ നടത്തിപ്പുചുമതല. ഇതോടൊപ്പം ബ്രോയ്ലര്‍ കര്‍ഷകര്‍ക്കായി ജനനി സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയും നടപ്പാക്കും. ഇതുപ്രകാരം ഒരുവര്‍ഷം 90 ലക്ഷം ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ ഇന്‍ഷുറന്‍സ് പരിധിയിലാക്കും. സംസ്ഥാന ചിക്കന്‍ പദ്ധതിക്ക് സാങ്കേതിക പിന്തുണ നല്‍കുന്നത് മൃഗസംരക്ഷണവകുപ്പാണ്. അയല്‍ക്കൂട്ടം വനിതകള്‍ മുഖേന നടത്തിവരുന്ന 50 ബ്രോയ്ലര്‍ ഫാമുകളില്‍നിന്ന് നിലവിലെ ധാരണപ്രകാരം കിലോയ്ക്ക് 85 രൂപ നിരക്കില്‍ ചിക്കന്‍ എടുത്ത് കെപ്കോ വിപണനം നടത്തുന്നുണ്ട്.

Exit mobile version