ചിറ്റൂരില്‍ സിപിഎം ജനതാദള്‍ എസ് സംഘര്‍ഷം; എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്ക്

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നുണ്ട്.

പാലക്കാട്: ചിറ്റൂര്‍ മേഖലയില്‍ സിപിഎം ജനതാദള്‍ എസ് സംഘര്‍ഷം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ അക്രമത്തില്‍ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. വണ്ടിത്താവളം കരുണ സ്‌കൂളിലെ വാര്‍ഷികാഘോഷത്തിനിടെയാണ് സംഭവം. സംഭവത്തില്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് സിപിഎം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.

ആദ്യം എസ്എഫ്‌ഐ ജില്ലാ പ്രസിഡണ്ട് ദിനനാഥിനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ശേഷം മറ്റുള്ളവര്‍ക്ക് നേരെ അക്രമികള്‍ തിരിയുകയായിരുന്നു. ഇവര്‍ക്ക് കൈകള്‍ക്കാണ് പരിക്കേറ്റത്. മാരകായുധങ്ങളുമായാണ് ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് നേതാക്കള്‍ പരാതി നല്‍കി. സിപിഎം ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സിപിഎം ആരോപിക്കുന്നുണ്ട്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും ഇക്കാര്യം ജനതാദള്‍ എസ് നേതാവും മന്ത്രിയുമായ കെ കൃഷ്ണന്‍കുട്ടിയെ അറിയിച്ചെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു. നേതാക്കളുടെ പരാതിയില്‍ രണ്ടു ജനതാദള്‍ എസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Exit mobile version