നാട്ടുകാരനോട് വഴി ചോദിച്ചു; എളുപ്പവഴി പറഞ്ഞ് ഒപ്പം കൂടിയ ‘വഴികാട്ടി’ എത്തിച്ചത് ഊടുവഴിയില്‍! കൊടുംവളവില്‍ ലോഡുമായി കുടുങ്ങി ആന്ധ്രയില്‍ നിന്നെത്തിയ ഡ്രൈവര്‍; ഒടുവില്‍ രക്ഷപ്പെടാന്‍ ചിലവായത് 40,000 രൂപ

കുമളി കടന്ന് പഴയ പാമ്പനാറില്‍ എത്തിയ ശേഷം സംശയം തീര്‍ക്കാനാണ്, വഴിയോരത്ത് നിന്ന ആളോട്, ഏലപ്പാറയ്ക്കുള്ള വഴി അന്വേഷിച്ചത്.

ഇടുക്കി: ആന്ധ്രയില്‍ നിന്ന് അരിയുമായി എത്തിയ ടോറസ് ലോറിയുടെ ഡ്രൈവറിന് ഇരട്ടി പണി കൊടുത്ത് നാട്ടുകാരന്‍. വഴിയറിയാതെ സമീപത്ത് കണ്ട ആളോട് വഴി ചോദിച്ചതാണ് ഡ്രൈവര്‍ക്ക് കെണിയായത്. എളുപ്പവഴി കാണിച്ച് തരാമെന്ന് പറഞ്ഞ് ഇയാള്‍ കൊണ്ടുപോയത് ഊടുവഴിയിലൂടെയായിരുന്നു. കൊടുംവളവില്‍ വെച്ച് ഫുള്‍ ലോഡുമായി വന്ന ലോറി കുടുങ്ങുകയായിരുന്നു.

കുമളി കടന്ന് പഴയ പാമ്പനാറില്‍ എത്തിയ ശേഷം സംശയം തീര്‍ക്കാനാണ്, വഴിയോരത്ത് നിന്ന ആളോട്, ഏലപ്പാറയ്ക്കുള്ള വഴി അന്വേഷിച്ചത്. താനും ഇതേ വഴിക്കാണെന്നും എളുപ്പവഴി കാട്ടി തരാമെന്നും പറഞ്ഞ് ഇയാളും ലോറിയില്‍ കയറി. കുട്ടിക്കാനം വഴിയുള്ള പ്രധാന പാത ഉപേക്ഷിച്ച് തേയിലത്തോട്ടം വഴിയുള്ള ഇടുങ്ങിയ വഴിയാണ് ഇയാള്‍ നിര്‍ദേശിച്ചത്.

റോഡിനെ കുറിച്ച് ധാരണയില്ലാതെ ഡ്രൈവര്‍, വഴികാട്ടിയുടെ നിര്‍ദേശ പ്രകാരം വാഹനമോടിച്ചു. കുറെ ദൂരം പിന്നിട്ടപ്പോള്‍ കൊടും വളവോടു കൂടിയ, കുത്തനെയുള്ള കയറ്റത്തില്‍ ലോറി നിന്നു. അരിയുടെ ഭാരം കാരണം പിന്നിലേക്ക് ഉരുണ്ട ലോറിയുടെ പിന്‍ഭാഗം റോഡിലെ ടാറിങില്‍ ഉടക്കി നിന്നു. ഇതോടെ ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി ലോറി മാറ്റാന്‍ ശ്രമിച്ചെങ്കിലും എല്ലാ പ്രയത്‌നങ്ങളും ഫലം കണ്ടില്ല. വഴികാട്ടിയ നാട്ടുകാരന്‍ ഇതിനിടയില്‍ മുങ്ങുകയും ചെയ്തു. കാര്യങ്ങള്‍ കൈവിട്ടു എന്ന് മനസിലാക്കിയതോടെയാണ് ഇയാള്‍ മുങ്ങിയത്. അരി മാറ്റിയ ശേഷം ക്രെയിന്‍ ഉപയോഗിച്ചാണു ലോറി ഉയര്‍ത്തിയത്. രണ്ടു ലോറികളില്‍ അരി കയറ്റി വിട്ടതിനും ക്രെയിന്‍ ഉപയോഗിച്ചതിനും 40,000 രൂപയും ചെലവായി.

Exit mobile version