അമ്പരപ്പിക്കുന്ന ഇന്റീരിയര്‍, എല്‍ഇഡി ബള്‍ബുകളാല്‍ എങ്ങും പ്രകാശപൂരിതം! യൂണിഫോമില്‍ കുറച്ച് ഉദ്യോഗസ്ഥരും; ആഢംബര ഹോട്ടലുകളെയും ‘കടത്തിവെട്ടി’ തൃശ്ശൂര്‍ ചേര്‍പ്പിലെ പോലീസ് സ്‌റ്റേഷന്‍

മനോഹരമായി ഇന്റീരിയറിനും എല്‍ഇഡി ബള്‍ബുകള്‍ക്കും പുറമെ അലങ്കാരങ്ങള്‍ വേറെയുണ്ട്.

തൃശ്ശൂര്‍: അമ്പരപ്പിക്കുന്ന ഇന്റീരിയര്‍ ഡിസൈനിംഗ്, സീലിങ്ങില്‍ പ്രത്യേക രീതിയിലുള്ള എല്‍ഇഡി ബള്‍ബ് ഘടിപ്പിച്ചിരിക്കുന്നു. കണ്ണിനെ കുളിര്‍പ്പിക്കുന്ന പെയ്ന്റിംഗ്. ഇതൊരു ആഡംബര ഹോട്ടലിന്റെ വിശേഷണമല്ല. മറിച്ച് പോലീസ് സ്‌റ്റേഷനിന്റെ രൂപമാണ്. അതും തൃശ്ശൂര്‍ ജില്ലയിലെ ചേര്‍പ്പ് പോലീസ് സ്‌റ്റേഷനിലെ കാഴ്ചയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. പരാതി നല്‍കാന്‍ വരുന്നവര്‍ ചിലപ്പോള്‍ സ്ഥലം മാറിയെന്ന് പറഞ്ഞുകൊണ്ട് തിരികെ പോകുവാന്‍ വരെ തുടങ്ങിയേക്കും അത്രമേല്‍ മനോഹരമാണ് ഇവിടെ.

പോലീസ് സ്‌റ്റേഷന്‍ ആണെന്ന് തിരിച്ചറിയുന്നത് യൂണിഫോമിട്ട ഉദ്യോഗസ്ഥരെ കാണുമ്പോഴാണ്. മനോഹരമായി ഇന്റീരിയറിനും എല്‍ഇഡി ബള്‍ബുകള്‍ക്കും പുറമെ അലങ്കാരങ്ങള്‍ വേറെയുണ്ട്. ജിപ്‌സം ബോര്‍ഡ് ഉപയോഗിച്ചാണ് പ്രത്യേക ഡിസൈന്‍ സിലീങ്ങില്‍ ഒരുക്കിയിട്ടുള്ളത്. അഞ്ചു ലക്ഷം രൂപ നവീകരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സ്റ്റേഷന്‍ എങ്ങനെ നവീകരിക്കുമെന്നായി അടുത്ത ചിന്ത. ചുരുങ്ങിയ ചെലവില്‍ മനോഹരമായ ഡിസൈനിങ് ചെയ്യാമെന്നിരിക്കെ എന്തിന് മോശമാക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരും ചിന്തിച്ചു.

അതിന്റെ അന്തരഫലമാണ് പോലീസ് സ്‌റ്റേഷനിലെ ഈ കാഴ്ച. ഇനി, പരാതിക്കാരോട് കൂടി ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറ്റം കൂടി നടത്തിയാല്‍ പോലീസ് സ്‌റ്റേഷന്‍ കിടു എന്ന് നിസ്സംശയം പറയാം. പരാതിക്കാര്‍ക്കായി പ്രത്യേക വിശ്രമ കേന്ദ്രം സ്റ്റേഷന്റെ പുറത്ത് ഒരുക്കിയിട്ടുണ്ട്. നല്ലൊരു ഉദ്യാനവും സ്റ്റേഷന്‍ മുറ്റത്ത് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. നക്ഷത്ര ഹോട്ടലിനെ പോലെ കെട്ടിലും മട്ടിലും പുതുമ കൊണ്ടുവന്നെങ്കിലും ഒരു കാര്യത്തില്‍ മാറ്റമില്ല. ലോക്കപ്പ് പഴയപടി തന്നെ. അതുകൊണ്ട്, പ്രതികള്‍ക്ക് അത്ര സുഖകരമല്ല സ്റ്റേഷനെന്നു മാത്രം.

Exit mobile version