കള്ളക്കേസ് ചുമത്തി നിരപരാധിയായ തന്നെ അറസ്റ്റ് ചെയ്തു, മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവുണ്ടായിട്ടും എസ്‌ഐക്കെതിരെ നടപടിയില്ല,റപ്പായി പോലീസ് സ്‌റ്റേഷന്റെ മുറ്റത്ത് ഉപവാസം ആരംഭിച്ചു

പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റ ഉത്തരവുണ്ട്

തൃശ്ശൂര്‍: കാറോടിക്കാനറിയാത്ത താന്‍ ഒരാളെ കാറോടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്ന്
കള്ളക്കേസ് ചുമത്തിയെന്നും, കേസില്‍ നിരപരാധിയായ തന്നെ അറസ്റ്റ് ചെയ്തതില്‍ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒല്ലൂര്‍ സ്വദേശി റപ്പായി പോലീസ് സ്‌റ്റേഷന്റെ മുറ്റത്ത് ഉപവാസം ആരംഭിച്ചു. പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റ ഉത്തരവുണ്ട്.

തൃശൂര്‍ ഒല്ലൂര്‍ സ്റ്റേഷനിലെ മുന്‍ എസ്‌ഐക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിക്കാരനായ റപ്പായിയുടെ ആവശ്യം. 2016 ല്‍ ഒല്ലൂര്‍ എസ്‌ഐ തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ് ആരോപണം. 15 ദിവസത്തോളം ജയിലില്‍ക്കിടന്നു.

അതിനുശേഷം കേരള നിയമസഭ പെറ്റീഷന്‍ കമ്മിറ്റിയെ സമീപിച്ച് പരാതി നല്‍കി. തുടര്‍ന്ന് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ എസിപിയുടെ അന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഉദ്യാഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കണ്ടെത്തി. മനുഷ്യാവകാശ കമ്മീഷന്‍ പരാതിക്കാരന് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടിന് സമാശ്വാസം നല്‍കാനും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ഉത്തരവിട്ടു.

2018 മെയ് മാസത്തില്‍ ഉത്തരവ് വന്നെങ്കിലും നടപടിയൊന്നും എടുത്തില്ല. തന്നെ പ്രതിയാക്കിയ എസ്‌ഐ ഇപ്പോഴും സര്‍വീസിലുണ്ടെന്നും നടപടിയെടുക്കാതെ ഉപവാസം അവസാനിപ്പിക്കില്ലെന്നുമാണ് റപ്പായിയുടെ തീരുമാനം.

Exit mobile version