ജീവിതം കാഴ്ചയും, കേള്‍വിയും സംസാരശേഷിയുമില്ലാത്ത ലോകത്ത്..! വിധിയില്‍ കണ്ണീര്‍ ഒഴുക്കാതെ ലഭിച്ച കഴിവുമായി സിഷ്ണ ആനന്ദ് മുന്‍പോട്ട്; ജീവിതം കളറാക്കുവാനുള്ള അവളുടെ ശ്രമത്തിന് സഹായവുമായി ആസ്റ്റര്‍ മിംസ്

മാസം തികയും മുമ്പുള്ള ജനനമാണ് സിഷ്ണയുടെ ജീവിതം ഇരുള്‍ അടഞ്ഞത് ആക്കിയത്.

കണ്ണൂര്‍: മാസം തികയാതെയുള്ള ജനനത്തില്‍ ആരംഭിച്ചു 24കാരിയായ സിഷ്ണ ആനന്ദിന്റെ ഇരുള്‍ അടഞ്ഞ ജീവിതം. തലശ്ശേരി മാടപ്പീടിക സ്വദേശിയും മുംബൈയില്‍ താമസക്കാരനുമായ ആനന്ദകൃഷ്ണന്റെയും പ്രീത ആനന്ദിന്റെയും സിഷ്ണ. കാഴ്ചയും കേള്‍വിയും സംസാരശേഷിയുമില്ലാതെ അംഗപരിമിധയായി വിധി മുദ്രകുത്തിയപ്പോഴും തോല്‍ക്കാതെ സിഷ്ണയെ പിടിച്ചു നിര്‍ത്തിയത് മറ്റാരുമല്ല, അവളില്‍ ഉറങ്ങികിടന്ന കഴിവുകള്‍ മാത്രമായിരുന്നു.

വൈകല്യങ്ങള്‍ അനവധി പിടികൂടിയപ്പോഴും അവള്‍ക്കായി സമ്മാനിച്ചത് അമാനുഷിക കഴിവുകളായിരുന്നു. അത് പ്രയോജനപ്പെടുത്തി നഷ്ടപ്പെട്ടു എന്ന് കരുതുന്ന ജീവിതം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് സിഷ്ണ. ആ കഴിവുകളെ നമിച്ച് ആ ധീര വനിതയ്ക്ക് താങ്ങായി എത്തിയിരിക്കുകയാണ് ആസ്റ്റര്‍ മിംസ് ആന്‍ഡ് ഡിഎം ഫൗണ്ടേഷന്‍. അതിമനോഹരമായ പൂക്കള്‍, പേപ്പര്‍ ബാഗുകള്‍, ചന്ദനത്തിരി, പലതരത്തിലുള്ള ഡിസൈന്‍ മാറ്റുകള്‍ എന്നിവ കൈകൊണ്ട് നിര്‍മ്മിക്കുന്ന സിഷ്ണ ഏവരുടെയും കണ്ണില്‍ അത്ഭുത കുട്ടിയായി മാറി. ഈ കഴിവുകള്‍ കുറച്ചു കൂടി എളുപ്പത്തില്‍ പകര്‍ന്നു നല്‍കാനുള്ള സഹായമാണ് ആസ്റ്റര്‍ മിംസ് ആന്‍ഡ് ഡിഎം ഫൗണ്ടേഷന്‍ നല്‍കുന്നത്.

കംപ്യൂട്ടറില്‍ പവര്‍ ബ്രെയിലറാണ് നല്‍കുക. കാഴ്ചയും കേള്‍വിയും സംസാരിശേഷി ഇല്ലാത്തവര്‍ക്ക് പ്രത്യേകമായി നല്‍കുന്ന സജ്ജീകരണമാണ് പവര്‍ ബ്രെയിലിയര്‍. ഇതിലൂടെ കാഴ്ച ശക്തിയില്ലെങ്കിലും ഇ മെയില്‍, എസ്എംഎസ്, ടൈപിങ്, കളറിങ് തുടങ്ങിയവ ചെയ്യാന്‍ സാധിക്കും. സിഷ്ണയുടെ കുറവുകളും കഴിവുകളും തിരിച്ചറിഞ്ഞ് ആരോഗ്യമന്ത്രി കെകെ ഷൈലജയാണ് ആസ്റ്റര്‍ മിംസില്‍ പവര്‍ ബ്രെയിലിയറിന് നിര്‍ദേശം വെച്ചത്. തുടര്‍ന്നുള്ള മന്ത്രിയുടെ ഇടപെടലില്‍ ഇരുള്‍ അടഞ്ഞ ജീവിതത്തിലേയ്ക്ക് വെളിച്ചം കടന്നു വരികയായിരുന്നു. തുണിയില്‍ ബോര്‍ഡറിട്ടു കൊടുത്താല്‍ തുന്നി ഡിസൈന്‍ ചെയ്യും. സംസ്ഥാനങ്ങളുടെ അതിരുകള്‍, ഭൂമിയുടെ ചലനം, മനുഷ്യ ശരീര വ്യവസ്ഥ എന്നിവയെ സംബന്ധിക്കുന്ന രൂപങ്ങള്‍ സ്വയം ഉണ്ടാക്കുകയും അതുപയോഗിച്ച് ക്ലാസെടുക്കുന്നതും ആരെയും വിസ്മയിപ്പിക്കും.

മാസം തികയും മുമ്പുള്ള ജനനമാണ് സിഷ്ണയുടെ ജീവിതം ഇരുള്‍ അടഞ്ഞത് ആക്കിയത്. ജന്മനാതന്നെ ഹൃദയതകരാറുണ്ടായിരുന്നു. രണ്ടുകണ്ണിനും തിമിരവും. ഓപറേഷന്‍ നടത്തിയിട്ടും കാഴ്ച തിരിച്ചു കിട്ടിയില്ല. രണ്ടാം വയസ്സില്‍ മുംബൈയില്‍ വച്ച് ഹൃദയ ഓപറേഷനും നടത്തി. അതുവിജയമായി. 2003ല്‍ മുംബൈയിലെ ഹെലന്‍ കെല്ലര്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഡെഫ് ബ്ലൈന്‍ഡ് സ്‌കൂളില്‍ ചേര്‍ത്തതോടെയാണ് പരിമിതിയെ മറികടക്കാനുള്ള പ്രവണത സീഷ്ണ പ്രകടിപ്പിച്ചു തുടങ്ങിയത്. പഠനത്തിനു പുറമെ ഡാന്‍സ്, നാടകം, യോഗ എന്നിവയിലും പരിശീലനം നേടി. ഹെലന്‍ കെല്ലറുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള നാടകം സംവിധാനം ചെയ്യുകയും അതില്‍ ഹെലന്റെ വേഷം അഭിനയിക്കുകയും ചെയ്തു. സിഷ്ണയുടെ ജീവിതത്തിന് നിറം കൊടുക്കുവാന്‍ ആസ്റ്റര്‍ മീംസ് കണ്ണൂരും, ആസ്റ്റര്‍ വാളണ്ടിയേഴ്‌സ്, ഡിഎം ഫൗണ്ടേഷനുമാണ് ഒന്നിക്കുന്നത്.

വൈകല്യങ്ങളെ മറികടക്കാനുള്ള പവര്‍ ബ്രെയിലിയര്‍ പുതുതായി കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആസ്റ്റര്‍ മിംസിന്റെ വേദിയില്‍ വെച്ച് കൈമാറുവാനാണ് തീരുമാനം. നവംബര്‍ മൂന്നിന് നോര്‍ത്ത് മലബാര്‍ ഓഫ് കൊമേഴ്സ് കൊകോള്‍ടെക്സ് കണ്ണൂരില്‍ വെച്ചാണ് ആസ്റ്റര്‍ മിംസ് ആന്‍ഡ് ഡിഎം ഫൗണ്ടേഷന്റെ ഉദ്ഘാടനം. മന്ത്രി ഷൈലജ ടീച്ചറാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുക. വേദിയില്‍ സിഷ്ണയ്ക്ക് ,മന്ത്രി പവര്‍ ബ്രെയിലര്‍ കൈമാറും. ആസ്റ്റര്‍ മിംസ് സിഎംഎസ് ഡോ. സൂരജ്, കണ്ണൂര്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് അലി, ഇടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംസി മോഹനനന്‍, ചേംബിലോട് പഞ്ചായത്ത് പ്രസിഡന്റ് ടിവി ലക്ഷ്മി, ആസ്റ്റര്‍ മിംസ് സിഇഒ ഫര്‍ഹാന്‍ യാസിന്‍, ഡോ. മൂപ്പന്‍ ഫൗണ്ടേഷന്‍ മാനേജര്‍ ലത്തീഫ് കാസിം, ആസ്റ്റര്‍ മിംസ് മാനേജര്‍ എച്ച് ആര്‍ ബ്രിജു മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിനു ശേഷം ശിഷ്ണയുടെ ശാസ്ത്രീയ നൃത്തവും അരങ്ങേറും. സിഷ്ണയ്ക്കൊപ്പം മാതാവ് സിന്‍ഹയും, പിതാവ് ആനന്ദും ചടങ്ങില്‍ സന്നിഹിതരാവും.

Exit mobile version