വയനാട്ടില്‍ ഉണ്ടായ കാട്ടുതീ ആസൂത്രിതമെന്ന് വനം വകുപ്പ്; നെന്മേനി പഞ്ചായത്ത് അംഗത്തിനെതിരെ കേസ്

നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം ബെന്നി കൈനിക്കലിനെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്

കല്‍പ്പറ്റ: കഴിഞ്ഞ ദിവസങ്ങളില്‍ വയനാട്ടില്‍ ഉണ്ടായ കാട്ട് തീ മനുഷ്യ നിര്‍മ്മിതമാണെന്ന് വനം വകുപ്പ്. വടക്കനാടില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കാട്ടുതീയെ തുടര്‍ന്ന ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ പേരില്‍ വനം വകുപ്പ് കേസെടുത്തു.

നെന്മേനി ഗ്രാമപഞ്ചായത്ത് അംഗം ബെന്നി കൈനിക്കലിനെതിരെയാണ് പ്രേരണാകുറ്റം ചുമത്തി കേസെടുത്തിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ 20ന് വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വടക്കനാട് കൊമ്പന്‍ എന്ന ആനയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തിന് നേതൃത്വം കൊടുത്ത് ബെന്നി നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.

സമരം നടന്ന തൊട്ടടുത്ത ദിവസം മുതലാണ് വടക്കനാട് പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ കാടിന് തീപിടിച്ചതെന്ന് വനംവകുപ്പ് ആരോപിച്ചു. അതേ സമയം വനംവകുപ്പിന്റെ ജനദ്രോഹത്തിനെതിരെ നിലപാട് എടുത്തതിന്റെ പ്രതികാരനടപടിയാണ് കേസെന്ന് പഞ്ചായത്തംഗം ബെന്നി കൈനിക്കല്‍ പറഞ്ഞു.

റവന്യൂ – വന ഭൂമികളിലുണ്ടായ തീപ്പിടിത്തം മനുഷ്യ സൃഷ്ടിയാണെന്നതില്‍ തര്‍ക്കമില്ലെന്നും കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയതായും ഡിഎഫ്ഒ പറഞ്ഞു. വയനാട് വടക്കനാട് പ്രദേശത്ത് നടന്ന കാട്ടുതീയില്‍ ഏകദേശം 75 ഏക്കറില്‍ അടിക്കാടും മുളങ്കാടും കത്തിനശിച്ചെന്ന് റേഞ്ച് ഓഫീസര്‍ പി രതീശന്‍ വ്യക്തമാക്കി.

Exit mobile version