കളിയാട്ടത്തിനിടെ പരസ്യ മദ്യപാനം; ചോദ്യം ചെയ്ത ജവാന് ഒരു സംഘം ആളുകളുടെ മര്‍ദ്ദനം!

ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം അക്രമിക്കുകയായിരുന്നു.

കാഞ്ഞങ്ങാട്: തറവാട്ട് കളിയാട്ടത്തിനിടെ പരസ്യമായി മദ്യപിച്ചത് ചോദ്യം ചെയ്ത ബിഎസ്എഫ് ജവാനു നേരെ ഒരു സംഘം ആളുകളുടെ മര്‍ദ്ദനം. അത്തിക്കോത്ത് സ്വദേശിയും ഗുജറാത്തിലെ ബിഎസ്എഫ് ജവാനുമായ കെ സിജിനാണ് (30) മര്‍ദനമേറ്റത്. കണ്ണിനു മുകളില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുഖത്തും, ചുണ്ടിനും, കൈ – കാലുകളിലും പരിക്കുണ്ട്. അത്തിക്കോത്ത് പാലങ്ങം തറവാട്ടില്‍ കളിയാട്ടം നടക്കുന്നതിനിടയില്‍ പരസ്യ മദ്യപാനം നടത്തുകയായിരുന്ന പത്തോളം പേരോട് ഇവിടുന്ന് മദ്യപിക്കരുതെന്ന് സിജിനും കൂട്ടുകാരും ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടര്‍ന്ന് ആയുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം അക്രമിക്കുകയായിരുന്നു. ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കി. ബിജെപി പ്രവര്‍ത്തകരാണ് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ജവാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Exit mobile version