ഭീതി പരത്തി എച്ച്1എന്‍1 ബാധ; കാസര്‍കോട് നവോദയ സ്‌കൂളിലെ 72 വിദ്യാര്‍ത്ഥികള്‍ ചികിത്സയില്‍

പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികള്‍ വീട്ടിലേക്ക് ചികിത്സ തേടിപ്പോയി.

കാസര്‍കോട്: കാസര്‍കോട് പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലെ അഞ്ച്
വിദ്യാര്‍ത്ഥികള്‍ക്ക് എച്ച്1എന്‍1 ബാധ സ്ഥിരീകരിച്ചു. 72 കുട്ടികള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇത്രയധികം കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റാന്‍ അസൗകര്യമുള്ളതിനാല്‍ സ്‌കൂളില്‍ തന്നെ പ്രത്യേക വാര്‍ഡ് തുറന്ന് ചികിത്സ നടത്തുകയാണ് ആരോഗ്യവകുപ്പ്. പനി ഗുരുതരമായ രണ്ട് കുട്ടികളെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നാല് കുട്ടികള്‍ വീട്ടിലേക്ക് ചികിത്സ തേടിപ്പോയി.

അഞ്ച് കുട്ടികളുടെ രക്ത സാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് അയച്ച് പരിശോധിപ്പിച്ചിരുന്നു. ഇതില്‍ അഞ്ച് എണ്ണം എച്ച്1എന്‍1 പോസിറ്റീവ് ആയി കണ്ടെത്തി. ഇതോടെയാണ് രോഗലക്ഷണങ്ങള്‍ കണ്ട 67 കുട്ടികളെ പ്രത്യേകം ചികിത്സിക്കാന്‍ തീരുമാനിച്ചത്. ആശുപത്രിയിലേക്ക് മാറ്റാതെ സ്‌കൂളില്‍ തന്നെ ചികിത്സ നല്‍കാനായിരുന്നു തീരുമാനം. അതിനായി എല്ലാ സൗകര്യങ്ങളും സ്‌കൂളിലെത്തിച്ചു.

ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ഐസൊലേഷന്‍ വാര്‍ഡുകളാണ് തുറന്നിരിക്കുന്നത്. 37 ആണ്‍കുട്ടികള്‍ക്കും 30 പെണ്‍കുട്ടികള്‍ക്കുമാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എച്ച്1എന്‍1 ബാധയുടെ ഉറവിടം എന്താണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.

ആകെ 550 കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. ഇതില്‍ 520 കുട്ടികളും ക്യാമ്പസില്‍ തന്നെയാണ് താമസിക്കുന്നത്. ടീച്ചര്‍മാരുള്‍പ്പടെയുള്ള സ്റ്റാഫ് ഉദ്യോഗസ്ഥരും കുടുംബങ്ങളുമായി 200 പേര്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ കനത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കൂടുതല്‍ പേരിലേക്ക് പനി പടരാതിരിക്കാന്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Exit mobile version