മലപ്പുറത്ത് മുസ്ലീം ലീഗ് സമ്മേളനത്തിലെ ഗാനമേളയില്‍ സ്ത്രീകള്‍ പാട്ടുപാടി; ഇത് അനിസ്‌ലാമികം, പാട്ടുപാടിയതിനെതിരെ സമസ്ത!

എല്ലാ ദിവസവും രാത്രിയില്‍ ഗാനമേളകളും മറ്റും നടത്തിയിരുന്നു.

മലപ്പുറം: മുസ്ലീം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയില്‍ സ്ത്രീകള്‍ പാട്ടുപാടിയതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് സമസ്ത കേരള ജംഈയ്യത്തുല്‍ ഉലമ ഇകെ വിഭാഗം. സ്ത്രീകള്‍ വേദിയില്‍ പാടിയത് അനിസ്ലാമികമാണെന്നാണ് സമസ്തയുടെ ആരോപണം. ഇതിനോടുള്ള എതിര്‍പ്പ് ലീഗ് നേതാക്കളെ സമസ്ത അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് മുസ്ലീം ലീഗിന്റെ മലപ്പുറം ജില്ലാ സമ്മേളനം തുടങ്ങിയത്. എല്ലാ ദിവസവും രാത്രിയില്‍ ഗാനമേളകളും മറ്റും നടത്തിയിരുന്നു. ഇതില്‍ സ്ത്രീകള്‍ പങ്കെടുക്കുകയും പാട്ടുപാടുകയും ചെയ്തിരുന്നു. ഇതാണ് സമസ്തയെ ചൊടിപ്പിച്ചത്. ‘ഇസ്ലാമികമായ ചില ഗാനങ്ങളും ബുര്‍ദപോലുള്ള സംഗതികളും അതൊന്നും അനിസ്ലാമികമല്ല. ഇസ്ലാമിന്റെ പരിധിക്ക് അപ്പുറം പോകുന്ന, സ്ത്രീകള്‍ പരസ്യമായി വേദിയില്‍ കയറുക, ഡാന്‍സ് കളിക്കുക എന്ന കാര്യങ്ങളൊക്കെ വരുമ്പോഴാണ് സ്വാഭാവികമായും അതൊരു അനിസ്ലാമികതയിലേക്കു പോകുന്നത്.

ഇസ്ലാമികത കാത്തുസൂക്ഷിക്കാന്‍ അതിന്റെ നേതാക്കള്‍ ശ്രമിക്കുമെന്നാണ് കരുതുന്നത്.’ എന്നാണ് സംഭവത്തെക്കുറിച്ച് എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞത്. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കോണ്‍ഫറന്‍സില്‍ പാണക്കാട് സാദിഖലി തങ്ങളുടെ സാന്നിധ്യത്തില്‍ സമസ്ത നേതാക്കള്‍ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു.

Exit mobile version