സിസേറിയന്‍ കഴിഞ്ഞ് വീട്ടിലെത്തിയ പഗ്ഗ് വീണ്ടും പ്രസവിച്ചു; പരാതിയുമായി ഉടമ രംഗത്ത്

പേരൂര്‍ക്കട ഗവ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയില്‍ ആണ് സിസേറിയന്‍ നടന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഉടമ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി

തിരുവനന്തപുരം: ആശുപത്രിയില്‍ നിന്ന് സിസേറിയന്‍ കഴിഞ്ഞ് പഗ്ഗ് വീട്ടിലെത്തിയ ശേഷവും പ്രസവിച്ചു. പേരൂര്‍ക്കട ഗവ മള്‍ട്ടി സ്‌പെഷ്യാലിറ്റി വെറ്ററിനറി ആശുപത്രിയില്‍ ആണ് സിസേറിയന്‍ നടന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ഉടമ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കി.

എന്നാല്‍ ഉടമയുടെ വാദം തെറ്റാണെന്നാണ് അശുപത്രിയില്‍ നിന്ന് കിട്ടുന്ന് വിവരം. വീട്ടില്‍വെച്ച് തന്റെ അമ്മു എന്ന് വളര്‍ത്തു നായ ഒരു ചാപിള്ളയെ പ്രസവിച്ചതോടെയാണ് ഇയാള്‍ വിദഗ്ദ്ധചികിത്സക്കായി പേരൂര്‍ക്കട വെറ്ററിനറി ആശുപത്രിയിലെത്തിയത്. ഇവിടെ നടന്ന സിസേറിയനിലൂടെ മൂന്നു കുഞ്ഞുങ്ങളെയും ഒരു ചാപിള്ളയെയും കിട്ടി.

എന്നാല്‍, വീട്ടിലെത്തിയ ശേഷം അമ്മു വീണ്ടുമൊരു ചാപിള്ളയെ പ്രസവിച്ചുവെന്നാണ് അജിന്‍ പറയുന്നത്. ഡോക്ടറുടെ അനാസ്ഥയാണെന്നു ചൂണ്ടികാട്ടി ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രി, മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ തുടങ്ങിയവര്‍ക്കു പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. ഡോക്ടര്‍മാരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നുള്ള വൈരാഗ്യത്തില്‍ ഉടമ നുണ പ്രചരിപ്പിക്കുകയാണെന്നും ആശുപത്രി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ ഹരികൃഷ്ണന്‍ പറഞ്ഞു. ഡോക്ടര്‍ന്മാര്‍ ശസ്ത്രക്രിയയ്ക്കുള്ള സാധനങ്ങള്‍ പുറത്തുനിന്നു വാങ്ങണമെന്ന് ഉടമയോട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് ബാക്കി സാധനങ്ങള്‍ ഉടമ തിരികെച്ചോദിച്ചപ്പോള്‍ എല്ലാം ഉപയോഗിച്ചു കഴിഞ്ഞതായി ഡോക്ടര്‍മാര്‍ മറുപടി നല്‍കി. ഇതേത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ അനൂപിനെ ഉടമയ്‌ക്കൊപ്പമുണ്ടായിരുന്ന ആള്‍ തല്ലി. തുടര്‍ന്ന് പേരൂര്‍ക്കട പോലീസില്‍ ഡോക്ടര്‍ പരാതി നല്‍കി. പരാതി പിന്‍വലിച്ചെങ്കിലും ഇക്കാര്യത്തിലെ വൈരാഗ്യമാണ് കള്ളപ്രചാരണത്തിനു പിന്നില്‍ എന്ന് അദ്ദേഹം പറഞ്ഞു. അതിന് പുറമെ അള്‍ട്രാ സൗണ്ട് സ്‌കാനിങ് നടത്തി മൊത്തം നാലു കുഞ്ഞുങ്ങളേയുള്ളൂവെന്നു കണ്ടെത്തി.

ഒരു ചാപിള്ള ഉള്‍പ്പെടെ നാലിനെയും പുറത്തെടുത്തു എന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തള്ളനായയും ആരോഗ്യത്തോടെയാണ് മടങ്ങിയത്. ശസ്ത്രക്രിയ നടന്ന നായ അന്നുതന്നെ വീണ്ടും പ്രസവിക്കില്ലെന്നും ആശുപത്രിയധികൃതര്‍ പറയുന്നു. അതെസമയം തന്റെ പഗ്ഗ് വീണ്ടും പ്രസവിച്ചു എന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് ഉടമ. നടപടിയുമായി മുന്നോട്ടുപോകുമെന്നും പിഡബ്‌ള്യുഡി കരാറുകാരനായ അജിന്‍ പറഞ്ഞു.

Exit mobile version