ശബരിമല നടയടച്ച സംഭവം; തന്ത്രിയുടെ വിശദീകരണത്തില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിന് പിന്നാലെ നടയടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ ശബരിമല തന്ത്രി കണ്ഠര് രാജീവര് നല്‍കിയ വിശദീകരണ മറുപടിയില്‍ ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടി. ദേവസ്വം സ്റ്റാന്‍ഡിങ് കൗണ്‍സലിനോടാണ് നിയമോപദേശം തേടുന്നത്. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

യുവതീ പ്രവേശനത്തെത്തുടര്‍ന്നല്ല ശുദ്ധികലശം നടത്തിയത് എന്നായിരുന്നു തന്ത്രി ബോര്‍ഡിന് വിശദീകരണം നല്‍കിയത്. ക്ഷേത്ര കാര്യങ്ങളില്‍ അവസാന വാക്ക് തന്ത്രിയുടേതാണ്. കടുത്ത നീതിനിഷേധമാണ് തന്നോട് കാട്ടിയത്. ബോര്‍ഡ് പ്രസിഡന്റ് അടക്കമുളളവരെ അറിയിച്ചശേഷമാണ് ശുദ്ധിക്രിയ നടത്തിയതെന്നും തന്ത്രി വിശദീകരിക്കുന്നു.

മുന്‍വിധിയോടെയാണ് തനിക്ക് ദേവസ്വം ബോര്‍ഡ് നോട്ടീസ് നല്‍കിയതെന്നും നോട്ടീസ് നല്‍കും മുമ്പ് തന്നെ താന്‍ കുറ്റക്കാരനെന്ന് ദേവസ്വം കമ്മീഷണര്‍ മാധ്യമങ്ങളിലൂടെ പറഞ്ഞത് ഗൗരവമേറിയ നീതി നിഷേധമാണെന്നും കണ്ഠര് രാജീവര് വിശദീകരണ കത്തില്‍ ആരോപിച്ചു.

Exit mobile version