സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ നിന്ന് സെല്‍ഫിയെടുത്ത സംഭവം; സെല്‍ഫി എടുത്തിട്ടില്ല! മറ്റാരോ എടുത്ത ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നു; ന്യായീകരിച്ച് എംടി രമേശ്

കോഴിക്കോട്: സൈനികന്റെ മൃതദേഹത്തിന് മുന്നില്‍ നിന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സെല്‍ഫി എടുത്തുവെന്ന ആരോപണത്തില്‍ കേന്ദ്രമന്ത്രിയെ ന്യായീകരിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. മറ്റാരോ എടുത്ത ഫോട്ടോ കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയായിരുന്നുവെന്നും എം ടി രമേശ് പറഞ്ഞു.

അല്‍ഫോണ്‍സ് കണ്ണന്താനം സൈനികന്റെ മൃതശരീരത്തില്‍ റീത്ത് വയ്ക്കുന്ന ചിത്രമായിരുന്നു വരേണ്ടിയിരുന്നത്. എന്നാല്‍ അതിനുപകരം മൃതദദേഹത്തില്‍ റീത്ത് സമര്‍പ്പിച്ച് മടങ്ങുമ്പോഴുള്ള ചിത്രമാണ് അദ്ദേഹം ഫേസ്ബുക്കിലിട്ടത്. ഇതില്‍ വിവാദമുണ്ടാക്കേണ്ട കാര്യമില്ലെന്നും എംടി രമേശ് പറഞ്ഞു. ബിജെപി നേതാക്കള്‍ എന്തുചെയ്താലും കുറ്റം കണ്ടെത്തുന്നവരാണ് വിവാദത്തിന് പിന്നിലെന്നും എംടി രമേശ് ആരോപിച്ചു.

സൈനികന്റെ മൃതശരീരത്തിന് മുന്നില്‍ നിന്ന് പകര്‍ത്തിയ ചിത്രം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത് വലിയ വിവാദത്തിന് വഴിവച്ചിരുന്നു. വിവാദമായതൊടെ ചിത്രം പിന്‍വലിക്കുകയും, താന്‍ സെല്‍ഫി എടുത്തതല്ല, താന്‍ സെല്‍ഫി എടുക്കാറില്ലെന്നും കണ്ണന്താനം വ്യക്തമാക്കിയിരുന്നു.

Exit mobile version