മലപ്പുറത്ത് ലീഗ് കോട്ടയില്‍ പാറിയത് ചെങ്കൊടി; കവനൂര്‍ പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി, വന്‍ മുന്നേറ്റത്തില്‍ എല്‍ഡിഎഫ്!

ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു.

മലപ്പുറം: മലപ്പുറം കാവനൂര്‍ പഞ്ചായത്തില്‍ ലീഗ് സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. കാവനൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഹിന 40 വോട്ടിനാണ് വിജയം ഉറപ്പിച്ചത്. പഞ്ചായത്ത് ഭരണം ഇതോടെ യുഡിഎഫിന് നഷ്ടമായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പുറത്തൂര്‍ ഡിവിഷനില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സിഒ ബാബുരാജ് ജയിച്ചു.

ഇതോടെ യുഡിഎഫിന് ബ്ലോക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. ആലപ്പുഴ കരുവാറ്റ പഞ്ചായത്ത് നാരായണ വിലാസം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് പ്രതിനിധി സുകുമാരിയമ്മ 102 വോട്ടുകള്‍ക്ക് വിജയിച്ചു. ആലപ്പുഴ നഗരസഭാ ജില്ലാ കോടതി വാര്‍ഡില്‍ കോണ്‍ഗ്രസിന് തിരിച്ചടി. കോണ്‍ഗ്രസ് വിമതന്‍ ബി മെഹബൂബാണ് വിജയിച്ചത്.

കായംകുളം നഗരസഭാ 12ആം വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി 424 വോട്ടുകള്‍ക്ക് സുഷമയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കൈനകരി പഞ്ചായത്ത് ഭജനമഠം വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തി. 105 വോട്ടുകള്‍ക്ക് ബീന വിനോദ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തുടനീളം വന്‍ വിജയമാണ് എല്‍ഡിഎഫ് കൈവരിച്ചിരിക്കുന്നത്.

Exit mobile version