ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസിലുണ്ടായിരുന്ന 58 കുരുന്നുകളെയും സുരക്ഷിതരാക്കിയ ശേഷം ഡ്രൈവര്‍ മരണത്തിന് കീഴടങ്ങി

ആറുവര്‍ഷമായി ഇവിടെ ഡ്രൈവര്‍ ആയി ജോലി നോക്കുകയാണ് നന്ദകുമാര്‍.

കൊല്ലം: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച ബസ് ഡ്രൈവര്‍ 58 കുരുന്നുകളെയും സംരക്ഷിച്ച ശേഷം മരണത്തിന് കീഴടങ്ങി. ഹൃദയാഘാതം വന്നിട്ടും മനഃസാന്നിധ്യത്തോടെ ബസ് നിയന്ത്രിച്ചു നിര്‍ത്തിയാണ് ഡ്രൈവര്‍ തിരുമുല്ലവാരം നന്ദളത്ത്തറയില്‍ വീട്ടില്‍ വിഎസ് നന്ദകുമാര്‍ (49) മരിച്ചത്. തങ്കശ്ശേരി മൗണ്ട്കാര്‍മല്‍ സ്‌കൂളില്‍ നിന്ന് കുട്ടികളുമായി മടങ്ങുമ്പോള്‍ തിങ്കളാഴ്ച വൈകീട്ട് 4.10-നായിരുന്നു സംഭവം.

ആറുവര്‍ഷമായി ഇവിടെ ഡ്രൈവര്‍ ആയി ജോലി നോക്കുകയാണ് നന്ദകുമാര്‍. തിങ്കളാഴ്ച വൈകുന്നേരം കുട്ടികളുമായി തങ്കശ്ശേരി കാവല്‍ജങ്ഷനില്‍ എത്തിയപ്പോഴാണ് നന്ദകുമാറിന് നെഞ്ചുവേദനയും അസ്വസ്ഥതയുമുണ്ടായത്.

ഉടന്‍ ബസ് റോഡരുകിലേക്ക് ഒതുക്കി നിര്‍ത്തി. ജങ്ഷനിലുണ്ടായിരുന്ന ഓട്ടോഡ്രൈവര്‍മാര്‍ ഇദ്ദേഹത്തെ ബസില്‍ നിന്ന് പുറത്തിറക്കി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി. ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഷൈലജയാണ് ഭാര്യ. മകന്‍: മിഥുന്‍ ലാല്‍. ശവസംസ്‌കാരം ചൊവ്വാഴ്ച 12-ന് മുളങ്കാടകം ശ്മശാനത്തില്‍.

Exit mobile version