വാദിക്കാന്‍ അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം; മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ കോടതി അലക്ഷ്യ നടപടിയെന്ന് ചീഫ് ജസ്റ്റിസിന്റെ താക്കീത്! ശബരിമല കേസ് വാദത്തിനിടെ നാടകീയ സംഭവങ്ങള്‍

വാദിക്കാന്‍ അവസരം തേടി മാത്യൂസ് നെടുമ്പാറ ഫയല്‍ താഴേയ്ക്ക് ഇട്ട് എണീക്കുകയായിരുന്നു.

ന്യൂഡല്‍ഹി: ഹര്‍ജികള്‍ എത്രയും വേഗം പരിഗണിച്ച് വാദം പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നതിനിടെ വാദിക്കാന്‍ അവസരം തേടി അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കം. ഇതോടെ കോടതി മുറിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറുകയായിരുന്നു. വാദിക്കായി ബഹളം വെച്ച അഭിഭാഷകര്‍ക്ക് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി താക്കീത് നല്‍കുകയും ചെയ്തു.

കോടതിയില്‍ മര്യാദക്ക് പെരുമാറിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകര്‍ക്ക് നല്‍കിയ മുന്നറിയിപ്പ്. വാദിക്കാന്‍ അവസരം തേടി മാത്യൂസ് നെടുമ്പാറ ഫയല്‍ താഴേയ്ക്ക് ഇട്ട് എണീക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തോട് കോടതി ഇരിക്കാനും ആവശ്യപ്പെട്ടു. അതിനു ശേഷമാണ് മറ്റൊരു അഭിഭാഷകന് മുന്നറിയിപ്പ് നല്‍കിയത്.

56 കേസുകളാണ് കോടതിയില്‍ ശബരിമല വിഷയത്തില്‍ പരിഗണനയ്ക്ക് എത്തിയത്. ഇതില്‍ പത്തോളം അഭിഭാഷകരാണ് വാദിയ്ക്കായി ബഹളം വച്ചത്. കൂടുതല്‍ വാദങ്ങള്‍ ഉള്ളവര്‍ക്ക് വാദങ്ങള്‍ എഴുതി നല്‍കാമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടതോടെയാണ് അഭിഭാഷകര്‍ ബഹളമുണ്ടാക്കിയത്. എല്ലാവരും പറയുന്നത് ഒരേ കാര്യമെന്ന് ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു. എതിര്‍ വാദത്തിനായി അരമണിക്കൂര്‍ സമയം മാത്രമെ നല്‍കൂ എന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് മൂന്ന് മണിവരെ മാത്രമെ ബെഞ്ച് ഇരിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു.

Exit mobile version