തൃശ്ശൂരിലെ മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്; പണം ചോദിച്ചെത്തിയവരോട് ഒഴിവ് കഴിവ് പറഞ്ഞ് നാട്ടില്‍ നിന്നും മുങ്ങി ജോയിയും കുടുംബവും! സ്വരുക്കൂട്ടിയ പണം നഷ്ടപ്പെട്ടവരില്‍ ഇതര സംസ്ഥാന തൊഴിലാളികളും, പരാതിയുമായി നാട്ടുകാര്‍

ജോയിയുടെ ഭാര്യ മാഗിയും ചേര്‍ന്നാണ് ചിട്ടി നടത്തി വന്നിരുന്നത്.

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടി തട്ടിപ്പ്. മൂര്‍ക്കിനിക്കര ദേശത്ത് പാണേങ്ങാട്ടന്‍ ജോയ് എന്ന ആള്‍ ആണ് ആഴ്ച-മാസ കുറി എന്ന് കണക്കെ ജനങ്ങളെ കബളിപ്പിച്ചത്. 10000, 25000 ലക്ഷം രൂപയുടെ മാസക്കുറിയുമാണ് ഇയാള്‍ നടത്തി വന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെ 400ഓളം ഇടപാടുകാരാണ് കുറിയില്‍ ചേര്‍ന്നിരിക്കുന്നത്. കുറി വട്ടം എത്തിയതോടെ പലരും പണം ചോദിച്ചെത്തി. എന്നാല്‍ ഇവരോട് അവധി പറഞ്ഞും ഒഴിവ് കഴിവുകള്‍ പറഞ്ഞും ഇയാള്‍ ദിനങ്ങള്‍ തള്ളി നീക്കി.

എന്നാല്‍ പണം ചോദിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി. ഇതോടെ ജോയിയും കുടുംബവും നാട് വിട്ടിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങിയത്. ജോയിയുടെ ഭാര്യ മാഗിയും ചേര്‍ന്നാണ് ചിട്ടി നടത്തി വന്നിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇയാളുടെ സ്‌റ്റേഷനറി കട അടച്ചിട്ടിരിക്കുകയായിരുന്നു. വീട് പൂട്ടിയിട്ട നിലയിലുമായിരുന്നു. ഇവര്‍ മുങ്ങിയതോടെ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയാണ് സ്റ്റേഷനറി കടയ്ക്കു മുന്നില്‍ തടിച്ചു കൂടിയത്.

പണം നഷ്ടമായി എന്നറിഞ്ഞതോടെ നാട്ടുകാര്‍ ചേര്‍ന്ന് മണ്ണുത്തി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇയാളില്‍ നിന്ന് എല്ലാവര്‍ക്കും കൂടി ഏകദേശം ആറ് കോടിയ്ക്കടുത്ത് നല്‍കാനുണ്ടെന്നാണ് വിവരം. വിശ്വസിച്ച് പണം അടിച്ചവര്‍ ഇന്ന് തങ്ങളുടെ പണം തിരികെ കിട്ടണമെന്ന അപേക്ഷയിലാണ്. സംഭവത്തില്‍ പോലീസില്‍ നിന്നും തണുത്ത പ്രതികരണം ലഭിക്കുന്നതും ഇവര്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്നുണ്ട്. തങ്ങളുടെ സ്വരുകൂട്ടിയ പണമെങ്കിലും കിട്ടിയാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെ വിളിച്ച് നോക്കിയാല്‍ ഫോണ്‍ സ്വിച്ച് ഓഫ് എന്നാണ് പറയുന്നത്.

Exit mobile version