ആന്‍ലിയുടെ ദുരൂഹ മരണം; നിര്‍ണായക തെളിവുകള്‍ തേടി പോലീസ്; രക്ഷിതാക്കളുടെ മൊഴിയെടുക്കുന്നു

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആന്‍ലിയയുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വിശദമായി മൊഴിയെടുക്കുന്നത്.

കൊച്ചി: ആന്‍ലിയയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആന്‍ലിയയുടെ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് മൊഴിയെടുക്കുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആന്‍ലിയയുടെ രക്ഷിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തിലാണ് വിശദമായി മൊഴിയെടുക്കുന്നത്.

രണ്ട് ദിവസത്തിലേറെയായി മൊഴിയെടുക്കല്‍ തുടരുകയാണ്. എന്നാല്‍ കേസില്‍ കൊലപാതകത്തിലേക്ക് വിരല്‍ചൂണ്ടുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ആലുവ റെയില്‍വേ പോലീസ് സ്റ്റേഷനിലേയും ആര്‍പിഎഫ് ഓഫീസിലേയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു. ഇവ വിശദമായി പിന്നീട് പരിശോധിക്കും.

കോടതിയില്‍ കീഴടങ്ങിയ ആന്‍ലിയയുടെ ഭര്‍ത്താവ് ജസ്റ്റിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇയാളുടെ വീട്ടിലും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലും തെളിവെടുപ്പ് നടത്തി. ഇതിലൊന്നും കൊലപാതകത്തിലേക്ക് നയിക്കുന്ന തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.

എന്നാല്‍ ജസ്റ്റിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ആത്മഹത്യക്ക് പ്രേരണയാകാവുന്ന മെസേജുകള്‍ കണ്ടെത്തിയിട്ടുണ്ട്. ജസ്റ്റിന്‍ ഉപയോഗിച്ച ഫോണുകള്‍ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Exit mobile version