വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് സ്വന്തം മണ്ണില്‍ സ്മാരകം ഉയരുന്നു

പുന്നമൂട് ജങ്ഷനിലാണ് സ്മാരകം പണിയുന്നത്. ധീര ജവാന്റെ വീടിന് മുന്നിലൂടെ പോകുന്ന റോഡിന് സാം എബ്രഹാമിന്റെ പേരും നഗരസഭ നല്‍കി.

മാവേലിക്കര: ജമ്മുകാശ്മീരില്‍ നടന്ന പാകിസ്താന്‍ വെടിവയ്പ്പില്‍ വീരമൃത്യു വരിച്ച ലാന്‍സ് നായിക് സാം എബ്രഹാമിന് മാവേലിക്കര നഗരസഭ സ്മാരകം പണിയുന്നു. പുന്നമൂട് ജങ്ഷനിലാണ് സ്മാരകം പണിയുന്നത്. ധീര ജവാന്റെ വീടിന് മുന്നിലൂടെ പോകുന്ന റോഡിന് സാം എബ്രഹാമിന്റെ പേരും നഗരസഭ നല്‍കി.

സാമിന്റെ രക്തസാക്ഷിത്വത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് മാവേലിക്കര നഗരസഭ സ്മാരകം ഒരുക്കുന്നത്. പൂര്‍വ്വ സൈനിക സേവാ പരിഷത്തും അടല്‍ ഗ്രാമ സേവാ സമിതിയും പണികഴിപ്പിച്ച സാം എബ്രഹാം സ്മാരകത്തിന്റെ തൊട്ടടുത്താണ് നഗരസഭ സ്മാരകം പണിയുന്നത്. മൂന്ന് ലക്ഷം രൂപയാണ് സ്മാരക നിര്‍മ്മാണത്തിനായി ബജറ്റില്‍ വകയിരുത്തിയത്.

രണ്ട് മാസത്തിനകം സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ജമ്മുകാശ്മീരിലെ അഘിനൂരില്‍ കഴിഞ്ഞ വര്‍ഷം ജനുവരി 19നാണ് സാം എബ്രഹാം പാക് വെടിവയ്പ്പില്‍ വീരമൃത്യു വരിച്ചത്. യാതൊരു പ്രകോപനവും കൂടാതെ പാകിസ്താന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Exit mobile version