ശബരിമല വിഷയത്തില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് കാണിച്ചില്ല; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ എന്ത് മാനദണ്ഡം പാലിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കെപിസിസി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമല വിഷയത്തില്‍ കാണിച്ച ശുഷ്‌കാന്തി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് സര്‍ക്കാര്‍ കാണിച്ചില്ലെന്ന് മുല്ലപ്പളളി കുറ്റപ്പെടുത്തി. ഇന്നലെയുണ്ടായ ഒത്തുതീര്‍പ്പ് ധാരണയിലെ വിശദാംശങ്ങള്‍ പൊതു സമൂഹത്തോട് പറയാന്‍ ഗവണ്‍മെന്റ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂടാതെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ദൈന്യത കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുതലെടുത്തുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. എന്‍ഡോസള്‍ഫാന്‍ ഉണ്ടായ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ ഗവണ്‍മെന്റിന് കഴിഞ്ഞിട്ടില്ലയെന്ന് അദ്ദേഹം വിമര്‍ശിച്ചു.

ദുരിത ബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ എന്ത് മാനദണ്ഡം പാലിക്കുമെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കെപിസിസി അദ്ധ്യക്ഷന്‍ ആവശ്യപ്പെട്ടു. അതോടൊപ്പം കോടിയേരിക്ക് സംഘപരിവാര്‍ മനസ്സാണെന്നും ആയിരം ദിവസം പൂര്‍ത്തിയാക്കിയ പിണറായുടെ തീരുമാനങ്ങളെല്ലാം സംഘപരിവാര്‍ ഭരണാധികാരിയുടേത് പോലെയാണെന്നും ഇത് അത്യന്തം ആപത്ക്കരണമാണെന്നും മുല്ലപ്പളളി പറഞ്ഞു.

Exit mobile version