ആര്‍എസ്എസ് പ്രവര്‍ത്തകരെ എടുത്തിട്ട് അടിച്ചു; 15 വര്‍ഷത്തിനു ശേഷം എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍, പിടിവീണത് കരിപ്പൂര്‍ ഇമിഗ്രേഷനില്‍ എത്തിയപ്പോള്‍!

2004 ലാണ് മംഗലത്ത് വച്ച് ആര്‍എസ്എസ്,എസ്ഡിപിഐ സംഘര്‍ഷമുണ്ടായത്.

മലപ്പുറം: തിരൂര്‍ മംഗലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി 15 വര്‍ഷത്തിനു ശേഷം പിടിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകന്‍ മംഗലം തോട്ടിലങ്ങാട് അബ്ദുള്‍ ഗഫൂറാണ് അറസ്റ്റിലായത്. വിദേശത്തേക്ക് പോകാന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് പ്രതി പിടിയിലായത്.

2004 ലാണ് മംഗലത്ത് വച്ച് ആര്‍എസ്എസ്,എസ്ഡിപിഐ സംഘര്‍ഷമുണ്ടായത്. അതിനു ശേഷം ഒളിവില്‍ പോയതായിരുന്നു അബ്ദുള്‍ ഗഫൂര്‍. 2018 ല്‍ മഞ്ചേരി സെഷന്‍സ് കോടതി ഇയാളെ പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കി. യുഎഇയില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. ഇടക്കിടെ പോലീസിന്റ കണ്ണുവെട്ടിച്ചു നാട്ടില്‍ വന്നു പോയി.

ഇത്തവണ നാട്ടില്‍ വന്നു തിരികെ വിദേശത്തേക്ക് പോകുന്നതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് ഇമിഗ്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് പ്രതിയെ തിരൂര്‍ പോലീസിനു കൈമാറി. വധ ശ്രമം, മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കുനേരെ ചുമത്തിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

Exit mobile version