കളമശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു; നാട്ടുകാരും മറ്റും ഓടിരക്ഷപ്പെട്ടപ്പോള്‍ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി അബ്ദുള്‍ സലാം! സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

ആദ്യം ഓടി രക്ഷപ്പെടാന്‍ ആലോചിച്ചുവെങ്കിലും രണ്ടും കല്‍പിച്ച് റോഡില്‍ നിന്ന് പുകയുയരുന്ന ലോറിക്കുടത്തേക്ക് വന്ന് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു.

കളമശേരി: കളമശ്ശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കൊണ്ടുപോവുകയായിരുന്ന ലോറിയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ പത്തേകാലോടെയാണ് സംഭവം. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ സൗത്ത് കളമശേരിയിലെ ഹിന്ദ് ഗ്യാസ് ഗോഡൗണില്‍ നിന്ന് വിതരണത്തിനായി 60 സിലിന്‍ഡറുകളുമായി പോയ മിനിലോറിയാണ് കത്തിയത്.

പ്രീമിയര്‍ കവലയിലെ സിഗ്നല്‍ കാത്ത് കിടക്കുമ്പോഴായിരുന്നു ലോറിയ്ക്കടിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. അപകടം മണത്തപ്പാടെ നാട്ടുകാരും മറ്റു വാഹനങ്ങളിലുള്ളവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ സ്വന്തം ജീവന്‍ പോലും വകവെയ്ക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്തുകയായിരുന്നു മറ്റൊരു ലോറി ഡ്രൈവറായ അബ്ദുള്‍ സലാം. അദ്ദേഹത്തിന്റെ മനോധൈര്യവും സമയോചിതമായ ഇടപെടലിലുമാണ് വന്‍ ദുരന്തം ഒഴിവായത്. പാതാളത്തേക്ക് എയ്ഷര്‍ ലോറിയില്‍ ലോഡുമായി എച്ച്എംടി കോളനിയിലെ കരുവേലില്‍ അബ്ദുള്‍ സലാം ( 24 ) അവിടെ എത്തുന്നത്.

ആദ്യം ഓടി രക്ഷപ്പെടാന്‍ ആലോചിച്ചുവെങ്കിലും രണ്ടും കല്‍പിച്ച് റോഡില്‍ നിന്ന് പുകയുയരുന്ന ലോറിക്കുടത്തേക്ക് വന്ന് തീയണക്കാന്‍ ശ്രമിക്കുകയായിരുന്നു. ലോറിയുടെ അടിയില്‍ മുന്‍ ഭാഗത്തായി സീറ്റിനടിയില്‍ ഡീസല്‍ പൈപ്പ് കത്തുകയായിരുന്നു. വണ്ടിയിലെ തീയണക്കാനുള്ള ഉപകരണം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ല. ലോറിയില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. അബ്ദുള്‍ സലാം മറ്റൊരു പാചകവാതക ലോറിയില്‍ നിന്നും തീയണക്കാനുള്ള ഉപകരണം വാങ്ങി. ഇതോടെ ചുമട്ടുതൊഴിലാളികളും വ്യാപാരികളും നാട്ടുകാരുമെത്തി പ്രവര്‍ത്തനങ്ങളില്‍ പങ്കു ചേര്‍ന്നു.

അടുത്തുള്ള പെട്രോള്‍ പമ്പുകളില്‍ നിന്നും ബാറില്‍ നിന്നും കൂടുതല്‍ തീ നിയന്ത്രണ ഉപകരണങ്ങളെത്തിച്ച് തീയണച്ചു. തുടര്‍ന്ന് ഗ്യാസ് കുറ്റികള്‍ ലോറിയില്‍ നിന്ന് എടുത്തു മാറ്റി. നൂറു മീറ്ററിനുള്ളില്‍ രണ്ട് പെട്രോള്‍ പമ്പുകളും ഒരു ബാറും റോഡില്‍ ആറുവരിപാത നിറയെ വാഹനങ്ങളുമുള്ള കളമശ്ശേരി പ്രദേശം വലിയ ദുരന്തത്തില്‍ നിന്നാണ് രക്ഷപ്പെട്ടത്. സമയോചിതമായ ഇടപെടല്‍ നടത്തിയതിന് അബ്ദുള്‍ സലാമിനെ വാനോളം പുകഴ്ത്തുകയാണ് സോഷ്യല്‍മീഡിയ.

Exit mobile version