‘സ്‌കൂളില്‍ നിന്ന് കൊടുത്ത് വിടുന്ന അരിയാണ് പട്ടിണി മാറ്റുന്നത്, മറ്റ് കുട്ടികള്‍ നല്ല വസ്ത്രം ധരിച്ച് മിഠായികള്‍ കഴിക്കുമ്പോള്‍ അത് നോക്കി നില്‍ക്കാന്‍ മാത്രമാണ് എന്റെ മക്കള്‍ക്ക് വിധി’ ചങ്ക് പൊള്ളിച്ച് ഒരമ്മയുടെ വാക്കുകള്‍

നട്ടെല്ലിന് സംഭവിച്ച തകരാര്‍ മൂലം അനീഷിന്റെ ഇടുപ്പിന് താഴേ തളര്‍ന്നുപോകുകയായിരുന്നു.

ചിറയന്‍കീഴ്: സമൂഹമാധ്യമങ്ങളുടെ കണ്ണുകളെ ഈറനണിയിക്കുകയാണ് ഒരമ്മയുടെ വാക്കുകള്‍. സ്‌കൂളില്‍ നിന്ന് അധ്യാപകര്‍ കൊടുത്ത് വിടുന്ന അരിയാണ് ഈ കുടുംബത്തിലെ പട്ടിണി മാറ്റുന്നത്. മറ്റു കുട്ടികള്‍ നല്ല വസത്രങ്ങള്‍ ധരിച്ച് നല്ല മിഠായിയും ഭക്ഷണങ്ങളും മറ്റും കഴിക്കുമ്പോള്‍ എന്റെ മക്കള്‍ക്ക് നോക്കി നില്‍ക്കാന്‍ മാത്രമാണ് സാധിക്കുന്നതെന്നും ഈ അമ്മ നെഞ്ചുപൊട്ടി പറയുന്നു. ചിറയിന്‍കീഴ് മഞ്ചാടിമൂട് സ്വദേശിയായ അനീഷിന്റെ കുടുംബത്തിലെ അവസ്ഥ സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലാണ് പങ്കുവെച്ചത്.

‘കണ്ണ് നിറഞ്ഞ് പോകും ഈ ദുരിത ജീവിതങ്ങള്‍ക്ക് മുന്നില്‍, വാക്കുകളില്ല ഈ കണ്ണുനീരിനു മുന്നില്‍, കണ്ടതിനെക്കാള്‍ കേട്ടതിനെക്കാള്‍ പറഞ്ഞതിനെക്കാള്‍ ദയനീയമാണ് ചിറയിന്‍കീഴ് മഞ്ചാടിമുട് അനീഷും ആ കുഞ്ഞു മക്കളും അനുഭവിക്കുന്ന വേദന. സഹായിക്കണം എല്ലാവരും. ചേര്‍ത്ത് പിടിക്കണം ആ ജീവനുകളെ നമുക്ക്…..മാക്‌സിമം ഷെയര്‍ ചെയ്യൂ’ എന്ന അടിക്കുറിപ്പോടെയാണ് ഫിറോസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

നട്ടെല്ലിന് സംഭവിച്ച തകരാര്‍ മൂലം അനീഷിന്റെ ഇടുപ്പിന് താഴേ തളര്‍ന്നുപോകുകയായിരുന്നു. അനങ്ങാന്‍ പോലും ആകാതെ കിടക്കുകയാണ് അനീഷ്. ഇതോടെയാണ് കുടുംബത്തിന്റെ താളം തെറ്റിയത്. അനീഷിന്റെ വരുമാനം നിലച്ചതോടെ കടം ഇരട്ടിയാകാന്‍ തുടങ്ങി. വിധി പിന്നെയും ഇദ്ദേഹത്തിന്റെ മുന്‍പില്‍ ക്രൂരചതയുടെ മുഖംമൂടി അണിയുകയാണ്. ഇപ്പോള്‍ അനീഷിന്റെ രണ്ട് കിഡ്‌നിയും ചുരുങ്ങിപ്പോയിരിക്കുകയാണ്. അതിന് ഡയാലിസിസുമായി മുന്നോട്ട് പോവുകയുമാണ് ഈ കുടുംബം.

ഏകദേശം പത്തുലക്ഷത്തിന് മുകളില്‍ കടം ഇവര്‍ക്കുണ്ട്. സ്‌കൂളിലെ അധ്യാപകരുടെയും പള്ളിയിലെ ഉസ്താദിന്റെയും കാരുണ്യത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. നന്മയുള്ളവരുടെ സഹായം അഭ്യര്‍ത്ഥിച്ച് ഫിറോസ് പങ്കുവച്ച വീഡിയോ പ്രവാസി മലയാളികളടക്കം നിരവധി പേര്‍ ഏറ്റെടുത്തിരിക്കുകയാണ്. പോസ്റ്റിന് താഴെ അവരുടെ ബാങ്ക് വിവിരങ്ങളും ഫിറോസ് ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സുമ്മനസുകളുടെ കരുണ ഉണ്ടെങ്കില്‍ മാത്രമെ ഇനി ഇവരുടെ ജീവിതം മുന്‍പോട്ടു നീങ്ങുകയുള്ളൂ.

Exit mobile version