ആരാധനാലയങ്ങളിലെ ഭക്ഷണ വിതരണം; ലൈസന്‍സും രജിസ്ട്രേഷനും നിര്‍ബന്ധമാക്കി കളക്ടര്‍ ടിവി അനുപമ

മാര്‍ച്ച് ഒന്നിനനകം എല്ലാ ആരാധനാലയങ്ങളും ലൈസന്‍സ്, രജിസ്ട്രേഷനുകള്‍ എടുക്കണമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ ഉത്തരവിട്ടു.

തൃശ്ശൂര്‍; ആരാധനാലയങ്ങളിലെ പ്രസാദ ഊട്ട്, ഭക്ഷണ വിതരണം, തിരുനാള്‍ ഊട്ട് എന്നിവയ്ക്ക് രജിസ്ട്രേഷന്‍, ലൈസന്‍സ്, എന്നിവ നിര്‍ബന്ധമാക്കി. മാര്‍ച്ച് ഒന്നിനനകം എല്ലാ ആരാധനാലയങ്ങളും ലൈസന്‍സ്, രജിസ്ട്രേഷനുകള്‍ എടുക്കണമെന്ന് തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ ഉത്തരവിട്ടു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ആരാധനാലയങ്ങളിലെ പ്രതിനിതികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.

പൊതു ആരാധനാലയങ്ങള്‍ക്കും സ്വകാര്യ ആരാധനാലയങ്ങള്‍ക്കും ഇത് ബാധകമാണ്. വലിയ തോതില്‍ ദിവസവും ഭക്ഷണം, പ്രസാദം എന്നിവ വിതരണം ചെയ്യുന്ന ആരാധനാലങ്ങള്‍ക്ക് ലൈസന്‍സും ഇടവിട്ടുള്ള ഭക്ഷണ, പ്രസാദ വിതരണം നടത്തുന്ന ആരാധനാലയങ്ങള്‍ക്ക് രജിസ്ട്രേഷനുമാണ് വേണ്ടതെന്നും കളക്ടര്‍ വ്യക്തമാക്കി.

നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ലൈസന്‍സ്, രജിസ്ട്രേഷന്‍ നടത്തേണ്ടത്. രജിസ്ട്രേഷന്‍ നടത്താന്‍ ആരാധനാലയങ്ങളിലെ ഉത്തരവാദപ്പെട്ടവരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ, ഐഡി കാര്‍ഡ്, നൂറു രൂപ ഫീസ് എന്നിവ വേണം.

ലൈസന്‍സ് എടുക്കുന്നതിനായി ലോക്കല്‍ ബോഡിയുടെ സമ്മതപത്രം, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, കുടിവെള്ള റിപ്പോര്‍ട്ട് എന്നിവയും ലൈസന്‍സ് ഫീസായി 2000 രൂപയും നല്‍കണം.

രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ വര്‍ഷം തോറും പുതുക്കണം. അഞ്ചു വര്‍ഷത്തേക്ക് ഒരുമിച്ച് രജിസ്ട്രേഷനും ലൈസന്‍സും എടുക്കാവുന്നതാണ്. ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങളിലെ പാചകപ്പുരയിലെ ശുചിത്വവും ഉറപ്പുവരുത്തും. പാചകം ചെയ്യുന്ന സ്ഥലം, ഭക്ഷണാവശിഷ്ടങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലം എന്നിവ നിശ്ചിത അകലത്തിലായിരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. രജിസ്ട്രേഷനും ലൈസന്‍സിനുമായി അക്ഷയകേന്ദ്രങ്ങള്‍ വഴിയും flrs വെബ്സൈറ്റിലും അപേക്ഷിക്കാം.

Exit mobile version