മാരുതി ബെലനോ പുറകില്‍ ഇടിച്ച വിവരം വോള്‍വോ അറിഞ്ഞതു പോലുമില്ല; പക്ഷേ നമ്മുടെ വണ്ടിയോ, പപ്പടം പോലും ഇതുപോലെ പൊടിയില്ല! വൈറലായി ചിത്രങ്ങളും ‘സങ്കടംപറച്ചിലും’

യാതൊരു കേടുപാടു പോലും വാഹനത്തിനില്ല എന്നതാണ് ഏറെ അതിശയകരം.

കൊച്ചി: സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ എപ്പോഴും ഒരു പടി പുറകില്‍ നില്‍ക്കും. മൈലേജും വിലയും നോക്കിയാണ് സുരക്ഷ ഒരുക്കുന്നതെന്നാണ് വാദം. നാം അതുകേട്ട് മിണ്ടാതെ പോരുകയും ചെയ്യും. ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ പരിതാപകരമാണ്. അതിന് തെളിവായാണ് ഒരു അപകട ദൃശ്യം സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

അഡ്വ. ഉണ്ണികൃഷ്ണന്‍ എസ്ഡി എന്നയാള്‍ ആണ് അപകടത്തിന്റെ ദൃശ്യങ്ങളും ഒപ്പം സങ്കടവും പങ്കുവെച്ചത്. സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോയുടെ XC 60 എസ്‌യുവിയുടെ പിന്നിലിടിച്ച മാരുതിയുടെ ജനപ്രിയ വാഹനം ബലേനോ തകര്‍ന്ന് തരിപ്പണമാവുകയായിരുന്നു. എന്നാല്‍ വോള്‍വോ അങ്ങനെ ഒരു അപകടം പോലും നടന്നിട്ടില്ല എന്ന ഭാവത്തോടെയാണ് നില്‍ക്കുന്നത്. യാതൊരു കേടുപാടു പോലും വാഹനത്തിനില്ല എന്നതാണ് ഏറെ അതിശയകരം.

പക്ഷേ ബലേനോ ഇനി ഉപയോഗിക്കണമെങ്കില്‍ പണം കുറച്ചൊന്നും ഇറക്കിയാല്‍ പോരാ. പപ്പടം പോലും ഇങ്ങനെ പൊടിയില്ല എന്ന് പറഞ്ഞ് കൊണ്ടാണ് അഡ്വേക്കേറ്റ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. ഇടിയുടെ ആഘാതത്തില്‍ ബലേനോയുടെ മുന്‍ഭാഗം തകര്‍ന്ന് ഉള്ളിലേക്ക് ചുരുങ്ങിപ്പോയ നിലയിലാണുള്ളത്. അപകടം നടന്നത് എവിടെയാണെന്ന് വ്യക്തമല്ല. ബലേനോയുടെ സുരക്ഷതത്വത്തെ ചോദ്യം ചെയ്യുന്ന ചിത്രങ്ങള്‍ എന്ന കണക്കെയാണ് സംഭവം വൈറലാകുന്നത്.

എന്നാല്‍ 8 ലക്ഷത്തിന്റെ കാറിനെ 60 ലക്ഷം രൂപയുടെ കാറുമായി താരതമ്യം ചെയ്യാമോ എന്ന് ചോദിച്ച് ബലേനോയെ ന്യായീകരിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മോഡലുകളിലൊന്നായ ബെലേനോയുടെ പുതിയ പതിപ്പ് വിപണിയിലെത്തിയ ദിവസം തന്നെയാണ് ഈ അപകട ചിത്രങ്ങള്‍ പുറത്തു വരുന്നത്. ഇത് സാരമായി ബാധിച്ചേക്കുമോ എന്ന ഭയവും നിലനില്‍ക്കുന്നുണ്ട്.

Exit mobile version