‘കാര്യത്തില്‍ ഒരു തീര്‍പ്പാക്കിട്ടേ എല്ലാവരും പോകൂ…!’ വില്ലേജ് ഓഫീസിന്റെ കതക് അകത്ത് നിന്ന് പൂട്ടി, വാതിലിന് കുറുകെ ബെഞ്ച് ഇട്ട് ഇരുന്ന് അപേക്ഷകന്‍! ഒടുവില്‍ തുറന്നത് പോലീസിന്റെ ഇടപെടലില്‍

കതക് തുറക്കാന്‍ പലവട്ടം ആവര്‍ത്തിച്ചപ്പോഴും ചെവികൊള്ളാതെ രണ്ടും കല്‍പ്പിച്ച് നില്‍ക്കുകയായിരുന്നു.

കോട്ടയം: ഒരു കാര്യം നടക്കണമെങ്കില്‍ 10 തവണ വില്ലേജ് ഓഫീസ് കയറി ഇറങ്ങണം എന്നത് വെറുതെ പറയുന്നതല്ല, മനസും ശരീരവും ഒരുപോലെ മടുക്കം. നടന്ന് ചെരുപ്പ് തേയും.. ഈ വാക്കുകള്‍ ഇന്നും സത്യമായി തുടരുന്നു എന്നതിന്റെ നേര്‍ക്കാഴ്ചയാണ് കഴിഞ്ഞ ദിവസം എരുമേലി വില്ലേജ് ഓഫീസിലെ നാടകീയ സംഭവങ്ങള്‍. പലതവണ കയറി ഇറങ്ങിയിട്ടും കാര്യം നടപ്പാവാതെ വന്നപ്പോള്‍ വില്ലേജ് ഓഫീസ് അകത്ത് നിന്ന് അപേക്ഷകന്‍ പൂട്ടിയിടുകയായിരുന്നു.

കതക് തുറക്കാന്‍ പലവട്ടം ആവര്‍ത്തിച്ചപ്പോഴും ചെവികൊള്ളാതെ രണ്ടും കല്‍പ്പിച്ച് നില്‍ക്കുകയായിരുന്നു. ശേഷം പോലീസ് എത്തിയാണ് കതക് തുറന്നത്. ഇന്നലെ ഉച്ചയ്ക്കാണ് എരുമേലി വില്ലേജ് ഓഫിസില്‍ നാടകീയ രംഗങ്ങള്‍ നടന്നത്. താന്‍ പണ്ട് പ്രസിഡന്റ് ആയിരുന്ന പാണപിലാവ് എംജിഎം ക്ലബിന്റെ സ്ഥലത്തിനു കൈവശാവകാശ സര്‍ട്ടിഫിക്കറ്റിനു വേണ്ടിയാണ് പാണപിലാവ് സ്വദേശി എരുമേലി തെക്ക് വില്ലേജ് ഓഫീസില്‍ എത്തിയത്. എന്നാല്‍ നിലവിലുള്ള എംജിഎം വായനശാല സെക്രട്ടറിയുടെ തണ്ടപ്പേരില്‍ വില്ലേജ് അധികൃതര്‍ രേഖ നല്‍കിയതോടെ ‘കളം’ മാറി.

നിലവില്‍ എംജിഎം ലൈബ്രറിക്കു പകരം എംജിഎം വായനശാലയുടെ പേരിലാണു സ്ഥലവും കെട്ടിടവുമെന്നു വ്യക്തമായ സാഹചര്യത്തില്‍ അപേക്ഷകന്റെ പേരില്‍ കൈവശ സര്‍ട്ടിഫിക്കറ്റ് സാധ്യമല്ലെന്നു വില്ലേജ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ വില്ലേജ് ഓഫീസ് അകത്തു നിന്നു പൂട്ടുകയായിരുന്നു. കതകിനു കുറുകെ ബെഞ്ച് വലിച്ചിട്ട് അതില്‍ ഇരിക്കുകയും ചെയ്തു. ഇതോടെ വില്ലേജ് ഓഫീസില്‍ എത്തിയ ജനം അകത്തും പുറത്തുമായി. നേരം ഏറെ കഴിഞ്ഞതോടെ ജനം അസ്വസ്ഥരായി. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചതും ശേഷം കതക് തുറന്നതും.

Exit mobile version