രോഗത്തോടും ജീവിതത്തോടും മല്ലടിക്കുന്നവര്‍ക്ക് ‘ചിരിമരുന്നുമായി’ ക്ലൗണുകള്‍! ആദ്യമായി എത്തിയത് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍

കോമാളിക്കൂട്ടം കോമാളിത്തരം കാണിക്കാന്‍ വരുന്നതല്ല.

കൊച്ചി: രോഗത്തോടും ജീവിതത്തോടും മല്ലടിക്കുന്നവര്‍ക്ക് ചിരിമരുന്നുമായി ആശുപത്രിയില്‍ ക്ലൗണുകള്‍. കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയാണ് ആദ്യമായി എത്തിയത്. രോഗികള്‍ക്ക് ചിരിയിലൂടെ സാന്ത്വനം നല്‍കുന്നതില്‍ പ്രത്യേകം പരിശീലനം നേടിയ സംഘമാണ് കോമാളികളുടെ രൂപത്തില്‍ ചിരിയും കളിയുമായി രോഗികള്‍ക്കിടയിലേക്കെത്തിയത്. ഇന്ത്യയിലെതന്നെ ആദ്യ ഹോസ്പിറ്റല്‍ ക്ലൗണ്‍സ് കൂടിയാണിവര്‍.

കോമാളിക്കൂട്ടം കോമാളിത്തരം കാണിക്കാന്‍ വരുന്നതല്ല. രോഗാവസ്ഥയില്‍ മല്ലടിക്കുന്നവര്‍ക്കും, നിസഹായാവസ്ഥയില്‍ രോഗിക്ക് കൂട്ടിരിക്കുന്നവരും ആശ്വാസം പകരുവാനാണ്. അമേരിക്കയിലേയും, യൂറോപ്യന്‍ രാജ്യങ്ങളിലേയും ആശുപത്രികളില്‍ ഹോസ്പിറ്റല്‍ ക്ലൗണ്‍സ് എന്ന പേരിലുള്ള കോമാളി കൂട്ടം രോഗികളുമായി ഇടപഴകുന്നത് പതിവ് കാഴ്ചയാണ്. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ തീയ്യേറ്റേഴ്‌സാണ് ഹോസ്പിറ്റല് ക്ലൗണ്‍സ് സങ്കല്‍പം ഇന്ത്യയില്‍ യാഥാര്‍ത്ഥ്യമാക്കിയത്.

ഡോക്ടര്‍മാര്‍ അടക്കം 12 പ്രഫഷണലുകള്‍ അടങ്ങിയതാണ് രോഗികളെ ചിരിപ്പിക്കുന്നതില്‍ പ്രത്യേക പരിശീലനം നേടിയ കോമാളി കൂട്ടം. ചിരിയിലൂടെ ഉല്‍പാദിപ്പിക്കപ്പെടുന്ന എന്‍ഡോര്‍ഫിനുകള്‍ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കും. ഇത് രോഗിയില്‍ വൈകാരികമായ ഉണര്‍വിന് കാരണമാവുകയും ചെയ്യുന്നു. പീഡിയാട്രിക്, ഓങ്കോളജി വാര്‍ഡുകളിലും, ഒപിയിലെത്തിയ രോഗികള്‍ക്കും മുന്‍പിലാണ് കളിയും, ചിരിയും മാജിക്കുമെല്ലാമായി കോമാളികളെത്തിയത്.

Exit mobile version