എല്ലാവര്‍ക്കും അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ട്! അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആരെയും ആക്രമിക്കുന്നത് ശരിയല്ല; ജി സുധാകരന്‍

തിരുവനന്തപുരം: അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കെവിവിഎസ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന അവാര്‍ഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സമൂഹത്തില്‍ ജീവിക്കുന്നവര്‍ക്ക് അഭിപ്രായ പ്രകടനം നടത്താന്‍ അവകാശമുണ്ട്. ഭിന്നാഭിപ്രായം പറഞ്ഞതിന്റെ പേരില്‍ സംവിധായകന്‍ പ്രിയനന്ദന് നേരെ നടത്തിയ അതിക്രമത്തെ വെറുതെ വിടാനാകില്ലെന്നും മന്ത്രി പറഞ്ഞു.

ആശയ സമരങ്ങളിലൂടെയാണ് സംസ്ഥാനത്ത് സാമൂഹിക പുരോഗതിയുണ്ടായത്. ഇന്ന് അവഗണന വിഭാഗങ്ങള്‍ക്ക് ലഭിച്ച അവകാശങ്ങള്‍ സൗജന്യമായി ലഭിച്ചതല്ലെന്നും നിരവധി മഹാന്‍മാരുടെ പോരാട്ട ഫലമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നേരത്തെ മന്ത്രി എംഎം മണിയും പ്രിയനന്ദനെ ആക്രമിച്ച ആര്‍എസ്എസ്, സംഘപരിവാറിനെതിരെ രംഗത്ത് വന്നിരുന്നു. ആക്രമിച്ച് നിശബ്ദനാക്കാം എന്ന ഫാസിസ്റ്റ് ശൈലി കേരളത്തില്‍ നടപ്പാക്കമെന്ന് കരുതണ്ട. ഈ നടപടിക്കെതിരെ സാംസ്‌കാരിക കേരളം ശക്തമായി മുന്നോട്ട് വരിക തന്നെ ചെയ്യുമെന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം.

അതിനിടെ പ്രിയനന്ദനെ അക്രമിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റിലായിട്ടുണ്ട്. തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശി സരോവറാണ് അറസ്റ്റിലായത്.

Exit mobile version