കല്ല്യാണ്‍ ജ്വല്ലറി സ്വര്‍ണ്ണ കവര്‍ച്ച; 16 പ്രതികളും പിടിയില്‍, അഞ്ച് പ്രതികള്‍ മലയാളികള്‍

തമിഴ്‌നാട് പോലീസാണ് ആന്ധ്രാ, തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും 16 പ്രതികളെയും പിടികൂടിയത്.

കോയമ്പത്തൂര്‍: കല്യാണ്‍ ജ്വല്ലറി സ്വര്‍ണ്ണ കവര്‍ച്ചകേസിലെ 16 പ്രതികളും ഒടുവില്‍ പിടിയില്‍. തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട് പോലീസാണ് ആന്ധ്രാ, തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്നും 16 പ്രതികളെയും പിടികൂടിയത്.

ഇവരില്‍ അഞ്ച് പ്രതികള്‍ മലയാളികളാണ്. തൃശ്ശൂര്‍ സ്വദേശികളായ രെനൂബ്, കണ്ണന്‍, എറണാകുളം സ്വദേശി ഹബീബ്, പത്തനംതിട്ട സ്വദേശി വിപിന്‍ എന്നിവരാണ് പിടിയിലായ മലയാളികള്‍. എല്ലാ പ്രതികളെയും ഇന്നുതന്നെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. നേരത്തെ പ്രതികള്‍ക്കായി കര്‍ണാടകയിലും ഗോവയിലുമടക്കം അന്വേഷണ സംഘം തിരച്ചില്‍ നടത്തിയിരുന്നു.

ഒരുകോടിരൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഈ മാസം ഏഴാം തീയതിയാണ് വാളയാറിന് സമീപം ചാവടിയില്‍ വച്ച് തട്ടിയെടുത്തത്. സംഭവം നടന്നതിന് സമീപമുളള പെട്രോള്‍ പമ്പിലെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് കവര്‍ച്ചക്കാരെ കുറിച്ചുളള ഏകദേശ വിവരം പോലീസിന് ലഭിച്ചിരുന്നു. നേരത്തെ കവര്‍ച്ചയുടെ ആസൂത്രകനായ ഫിറോസിന്റെ അമ്മയും സഹോദരനും തിരുപ്പതി റെയില്‍വെ സ്റ്റേഷനില്‍ വച്ച് പിടിയിലായിരുന്നു. അറുപത് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു.

Exit mobile version