മീന്‍ കിട്ടാക്കനിയാകുന്നു; മലബാറിലെ മത്സ്യത്തൊഴിലാളികള്‍ ദുരിതത്തില്‍

കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കോഴിക്കോട്: മീന്‍ ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് മലബാറിലെ തീരദേശം ദുരിതത്തില്‍. കാലാവസ്ഥ വ്യതിയാനവും അനിയന്ത്രിതവും അശാസ്ത്രീയവുമായ മത്സ്യബന്ധനവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

കോഴിക്കോട്ടെ ചാലിയം ഹാര്‍ബറില്‍ ഒരു കാലത്ത് മത്സ്യം കയറ്റിപ്പോകാന്‍ വരുന്ന വാഹനങ്ങളുടെയും കരാറുകാരുടെയും വലിയ തിരക്കുണ്ടായിരുന്നു എന്നാല്‍ ഇപ്പോള്‍ അതല്ല സ്ഥിതി. കഴിഞ്ഞ രണ്ട് വര്‍ഷം മത്സ്യ ലഭ്യത തീരെ കുറഞ്ഞു. വന്‍കിട കച്ചവടക്കാരും കരാറുകാരും തിരിഞ്ഞ് നോക്കാതായതോടെ തീരമേഖല വറുതിയിലാണ്. പ്രദേശവാസികളായ ആളുകള്‍ സ്വന്തം ആവശ്യത്തിന് മത്സ്യം വാങ്ങുന്നത് മാത്രമാണ് അവരുടെ ഇപ്പോഴത്തെ ഏക വരുമാന മാര്‍ഗം.

ഇത് ചാലിയം ഹാര്‍ബറിന്റെ മാത്രം അവസ്ഥയല്ല. പൊന്നാനി മുതല്‍ കാസര്‍ഗോട് വരെയുള്ള വടക്കന്‍ കേരളത്തിലെ മത്സ്യതൊഴിലാളികള്‍ക്കെല്ലാം പറയാനുള്ളത് ഈ കഥ തന്നെ. പലിശയ്ക്ക് കടം വാങ്ങിയും ബാങ്കില്‍ നിന്ന് വായ്പയെടുത്തും മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങിയവരുടെ തിരിച്ചടവ് പോലും മുടങ്ങി.

നിയമ വിരുദ്ധമായി ആഴക്കടലും തീരക്കടലും അടിയിളക്കി കോരിയെടുക്കുന്ന മത്സ്യബന്ധന രീതി കൂടി വരുന്നതാണ് മത്സ്യക്ഷാമത്തിന് കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെടുന്നു.

Exit mobile version