തുടച്ചു മാറ്റിയെന്നു കരുതിയ കുഷ്ഠ രോഗം മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്; 164 പേരില്‍ രോഗം സ്ഥിരീകരിച്ചു

ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്

സംസ്ഥാനത്ത് കുഷ്ഠ രോഗം മടങ്ങിയെത്തുന്നതായി റിപ്പോര്‍ട്ട്. ഈ വര്‍ഷം മാത്രം കുട്ടികള്‍ ഉള്‍പ്പെടെ 164 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്.

ആരോഗ്യവകുപ്പ് നടത്തിയ അശ്വമേധം കുഷ്ഠ രോഗ നിര്‍ണയ കാമ്പയിനിലാണ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി വ്യക്തമായത്. ഡിസംബര്‍ അഞ്ചിന് ആരംഭിച്ച കാമ്പയിനില്‍ കഴിഞ്ഞ വര്‍ഷം മാത്രം 275 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് പുതുതായി 164 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 14 പേര്‍ കുട്ടികളാണ്. 13 പേര്‍ക്ക് വൈകല്യങ്ങളോടു കൂടിയ കുഷ്ഠ രോഗവും. ജനുവരി 13 വരെയുള്ള കണക്കാണിത്.

പുതുതായി രോഗം സ്ഥിരീകരിച്ച 121 പേര്‍ക്ക് പകര്‍ച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്. 14 കുട്ടികളില്‍ നാല് പേര്‍ക്കും സമാന സ്ഥിതിയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. തൊട്ടു പിന്നില്‍ മലപ്പുറവും. തൃശൂര്‍, കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കാസര്‍കോഡ് തുടങ്ങിയവയാണ് രോഗികള്‍ കൂടുതലുള്ള മറ്റു ജില്ലകള്‍.

ഈ എട്ട് ജില്ലകളില്‍ മാത്രമാണ് നിലവില്‍ വീടുകള്‍ കയറിയുള്ള പരിശോധന നടത്തിയത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.

Exit mobile version