തിരുവനന്തപുരത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

നെയ്യാറ്റിന്‍കരയിലെ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ പെരുമ്പഴുതൂരിലാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം കൈയ്യാങ്കളിയില്‍ അവസാനിച്ചത്. സംഘര്‍ഷത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് വെട്ടേറ്റു.

നെയ്യാറ്റിന്‍കരയിലെ അഗ്രികള്‍ച്ചറല്‍ സൊസൈറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നിലവില്‍ യുഡിഎഫിനാണ് സൊസൈറ്റി ഭരണം. ഞായറാഴ്ച ആണ് സൊസൈറ്റി തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് നേരത്തെ എല്‍ഡിഎഫ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ വിധി യുഡിഎഫിന് അനുകൂലമാവുകയായിരുന്നു.

തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ സൊസൈറ്റിയിലെത്തിയ ഉദ്യോഗസ്ഥരെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. ഇത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷത്തിലേയ്ക്ക് വഴിവെയ്ക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version