അയ്യപ്പജ്യോതിയ്ക്ക് ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന് കാണിച്ച് വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവം; ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

കായംകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്.

തിരുവനന്തപുരം: അയ്യപ്പജ്യോതിയ്ക്ക് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങും പങ്കെടുത്തുവെന്ന് കാണിച്ച് ഫേസ്ബുക്കിലും മറ്റും വ്യാജപ്രചരണം നടത്തിയ സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാല്‍ ദാമോദരനാണ് അറസ്റ്റിലായത്.

കായംകുളത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയില്‍ ഋഷിരാജ് സിങ്ങിന്റെ രൂപ സാദൃശ്യമുള്ളയാളുടെ ഫോട്ടോ ഉപയോഗിച്ച് ഋഷിരാജ് സിങ് പങ്കെടുത്തുവെന്ന് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കേസിലാണ് അറസ്റ്റ്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഋഷിരാജ് സിങ് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ തിരുവല്ല സ്വദേശിയായ ബിജെപി പ്രവര്‍ത്തകന്‍ ജയനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയന്റെ ഫേസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ശിവലാലിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നുവെന്ന് പോലീസ് മനസിലാക്കിയത്.

Exit mobile version