‘ ഇതുവരെ 51 യുവതികള്‍ മല കയറിയെന്ന സര്‍ക്കാര്‍ വാദം കള്ളത്തരം; ഈ പട്ടിക കൊടുത്തവന്‍ ‘ആന മണ്ടന്‍’ ; രാഹുല്‍ ഈശ്വര്‍

എന്തൊരു കള്ളമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയുന്നതെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

തിരുവനന്തപുരം: സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ശബരിമലയില്‍ ഇതുവരെ 51 യുവതികള്‍ കയറിയെന്ന സര്‍ക്കാറിന്റെ വാദം കള്ളത്തരമാണെന്ന് അയ്യപ്പ ധര്‍മ സേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. എന്തൊരു കള്ളമാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറയുന്നതെന്ന് രാഹുല്‍ ഈശ്വര്‍ ചോദിച്ചു.

യുവതീ പ്രവേശന വിഷയത്തില്‍ പല അഭിപ്രായമുണ്ടാവാം എന്നാല്‍ അതിന്റെ പേരില്‍ ഔദ്യോഗികമായ കാര്യങ്ങളില്‍ എങ്ങനെയാണ് ഇത്തരത്തില്‍ കള്ളം പറയാന്‍ സര്‍ക്കാരിന് സാധിക്കുക. എല്‍ഡിഎഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ബോധപൂര്‍വ്വം കള്ളത്തരം പറയുകയാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

പട്ടിക തയ്യാറാക്കിയത് പിണറായി വിജയന്‍ അല്ലായിരിക്കാം. പക്ഷേ മുഖ്യമന്ത്രിക്ക് ആ പട്ടികയെക്കുറിച്ച് അറിവില്ലാതിരിക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കുന്ന രേഖ എന്നു പറയുന്നത് സത്യവാങ്മൂലത്തിന് തുല്യമാണ്. അപ്പോള്‍ എങ്ങനെയാണ് അതില്‍ ഇങ്ങനെ കള്ളത്തരം പറയാന്‍ സാധിക്കുകയെന്ന് രാഹുല്‍ ചോദിക്കുന്നു. ഈ പട്ടിക കൊടുത്തവന്‍ ആന മണ്ടനാണ്. മൊബൈല്‍ നമ്പര്‍ അടക്കമാണ് പട്ടിക കൊടുത്തിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ പലരും അമ്പത് വയസ് കഴിഞ്ഞവരും ചിലര്‍ ശബരിമലയ്ക്ക് പോയിട്ടില്ലാത്തവര്‍ കൂടിയാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

സര്‍ക്കാര്‍ കള്ളം പറഞ്ഞതില്‍ ദേവസ്വം മന്ത്രി ഇപ്പോള്‍ തന്നെ മുന്‍കൂര്‍ ജാമ്യം എടുത്തിരിക്കുകയാണ്. പട്ടികയില്‍ ഉള്ളവര്‍ അവിടെ ചെന്നവരാണ് അവര്‍ ദര്‍ശനം നടത്തിയോയെന്ന് അറിയില്ലെന്നാണ് കടംകംപള്ളി പ്രതികരികക്കുന്നത്. ഇടതോ വലതോ ബിജെപിയോ സര്‍ക്കാര്‍ ഏതും ആയിക്കോട്ടെ പക്ഷേ ഇത്തരത്തില്‍ സുപ്രീം കോടതിയില്‍ കള്ളത്തരം പറയുന്നത് ശരിയല്ലെന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നു. എന്നെ വിശ്വസിക്കണ്ട ആ പട്ടികയില്‍ ഉള്ള ആളുകളെ വിളിച്ച് നോക്കണം. അപ്പോള്‍ വസ്തുതകള്‍ വെളിവാകുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Exit mobile version