ടിപി വധക്കേസ് പ്രതി പികെ കുഞ്ഞനന്തന് വീണ്ടും പരോള്‍ അനുവദിച്ചു

തിരുവനന്തപുരം: ആര്‍എംപി നേതാവ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സിപിഎം നേതാവ് പികെ കുഞ്ഞനന്തന് വീണ്ടും പരോള്‍. സാധാരണ തടവുകാര്‍ അപേക്ഷ നല്‍കി മാസങ്ങളോളം കാത്തിരിക്കുമ്പോഴാണ് സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനില്‍ നിന്ന് ആഭ്യന്തരവകുപ്പ് അപേക്ഷ എഴുതി വാങ്ങി പരോള്‍ അനുവദിക്കുന്നത്.

കുഞ്ഞനന്തന്റെ അപേക്ഷ കണക്കിലെടുത്ത് സെപ്റ്റംബര്‍ 21നാണ് ജയില്‍ വകുപ്പ് 10 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്. വീട്ടിലെത്തിയ കുഞ്ഞനന്തന്‍ പരോള്‍ നീട്ടിക്കിട്ടണമെന്ന് ആവശ്യപ്പെട്ടതോടെ 15 ദിവസം കൂടി അനുവദിച്ച് കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ ഉത്തരവിറക്കി. 2014 ജനുവരിയില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട കുഞ്ഞനന്തന്റെ ആകെ പരോള്‍ ദിനങ്ങള്‍ ഇതോടെ 369 ആയി.

സംസ്ഥാനത്തെ മറ്റൊരു തടവുകാരനും ഇത്രയധികം പരോള്‍ ലഭിച്ചിട്ടില്ലെന്നാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം എല്ലാം ചട്ടപ്രകാരം തന്നെയെന്നാണ് ആഭ്യന്തര വകുപ്പിന്റെ വാദം.

Exit mobile version