ശമ്പളം ചോദിച്ചതിന് ദുബായിയില്‍ തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനം; കോമ അവസ്ഥയിലായ തിരുവനന്തപുരം സ്വദേശി ഒടുവില്‍ മരണത്തിന് കീഴടങ്ങി

ഏഴു മാസം ജോലി ചെയ്തിട്ടും കമ്പനിയില്‍നിന്ന് ശമ്പളം കിട്ടാതായതോടെ സുരേഷും കമ്പനി ഉടമയുമായി വാക്കുതര്‍ക്കമുണ്ടായി.

തിരുവനന്തപുരം: ശമ്പളം ചോദിച്ചതിന്റെ പേരില്‍ ദുബായിയില്‍ തൊഴിലുടമയുടെ മര്‍ദ്ദനമേറ്റ് കോമ അവസ്ഥയിലായ യുവാവ് മരണത്തിന് കീഴടങ്ങി. ചികിത്സയില്‍ ഇരിക്കവെ ആയിരുന്നു മരണം. തിരുവനന്തപുരം സ്വദേശി ലൈന്‍ സുധീഷ് ഭവനില്‍ എസ്.സുരേഷാ(30)ണ് മരിച്ചത്. മൂന്നുവര്‍ഷം മുമ്പാണ് സുരേഷ് ദുബായ് അല്‍ ബദാനി പെയിന്റിങ് കമ്പനിയില്‍ ജോലിക്കു ചേര്‍ന്നത്. നിലവിലുള്ളതിലും കുറഞ്ഞ നിരക്കാണ് ശമ്പളമായി നിശ്ചയിച്ചത്.

ഏഴു മാസം ജോലി ചെയ്തിട്ടും കമ്പനിയില്‍നിന്ന് ശമ്പളം കിട്ടാതായതോടെ സുരേഷും കമ്പനി ഉടമയുമായി വാക്കുതര്‍ക്കമുണ്ടായി. ക്ഷുഭിതനായ കമ്പനി ഉടമയും സഹോദരനും ചേര്‍ന്ന് സുരേഷിനെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ സുരേഷിനെ സഹപ്രവര്‍ത്തകരായ മലയാളികള്‍ ദുബായ് അല്‍ റാഷ്ദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പനി ഉടമ ഇവിടെയും സുരേഷിനെ വെറുതെ വിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രിയില്‍നിന്നു നല്‍കിയ കുത്തിവയ്പ്പിനെത്തുടര്‍ന്ന് യുവാവിന്റെ സംസാരശേഷി നഷ്ടമായി.

ദിവസങ്ങള്‍ക്കകം കോമാ അവസ്ഥയിലായതായും ബന്ധുക്കള്‍ പറഞ്ഞു. അവിടത്തെ ആശുപത്രിയിലെ ചികിത്സാച്ചെലവുകള്‍ മലയാളികളാണു വഹിച്ചിരുന്നത്. പ്രവാസി സംഘടനകളുടെ സഹായത്തോടെ ആറുമാസം മുമ്പാണു സുരേഷിനെ നാട്ടിലെത്തിച്ചത്. തുടര്‍ന്ന് നാലു മാസമായി അട്ടപ്പാടിയിലെ സ്വകാര്യ സ്ഥാപനത്തില്‍ ചികിത്സയിലായിരുന്നു. സ്വന്തമായി ഒരു സെന്റു ഭൂമിയില്ലാതെ വാടകവീട്ടിലാണു സുരേഷിന്റെ കുടുംബം കഴിയുന്നത്. മണ്‍മാത്ര നിര്‍മ്മാണ തൊഴിലാളിയാണ് സുരേഷിന്റെ അച്ഛന്‍ സുരേന്ദ്രന്‍. ജയയാണ് അമ്മ. സഹോദരന്‍: സുധീഷ്.

Exit mobile version