കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലിരിക്കെ താമരശേരിയില്‍ ഒന്‍പതുവയസുകാരി മരിച്ച സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണ കാരണം മസ്തിഷ്‌ക ജ്വരമെന്നാണ് കണ്ടെത്തല്‍. അമീബിക് മസ്തിഷ്‌ക ജ്വരമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇത് കണ്ടെത്താന്‍ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കയക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.
കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കോരങ്ങാട് ആനപ്പാറ പൊയില്‍ സനൂപിന്റെ മകള്‍ അനയ (9) ആണ് മരിച്ചത്. പനി മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. പിന്നീട് നില വഷളായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇവിടെയെത്തും മുന്‍പ് മരണം സംഭവിച്ചു. സംഭവത്തില്‍ കുഞ്ഞിന് മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.
കുടുംബത്തിന്റെ ആരോപണങ്ങളോട് പ്രതികരിച്ച താമരശേരി താലൂക്ക് ആശുപത്രി കുഞ്ഞിന് ചികിത്സ നല്‍കിയിരുന്നുവെന്ന് പറഞ്ഞു. പനി ഛര്‍ദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികള്‍ക്ക് നല്‍കുന്ന ചികിത്സ അനയയ്ക്കും നല്‍കിയിരുന്നു. ആശുപത്രിയില്‍ വച്ച് രക്ത പരിശോധന ഉള്‍പ്പെടെ നടത്തിയിരുന്നു. രക്തത്തില്‍ കൗണ്ട് ഉയര്‍ന്ന നിലയില്‍ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.