എഞ്ചിന്‍ തകരാറിലായി, കടലില്‍ കുടുങ്ങിയ മത്സ്യ തൊഴിലാളികള്‍ക്ക് രക്ഷകരായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ കുടുങ്ങിയ ബോട്ടിനെയും തൊഴിലാളികളെയും രക്ഷിച്ച് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. വിഴിഞ്ഞം ഹാര്‍ബറില്‍ നിന്നും തെക്കു ഭാഗത്തായി മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ എന്‍ജിന്‍ തകരാറിലായി കിടന്ന ബോട്ടും അതിലുണ്ടായിരുന്ന തൊഴിലാളികളേയുമാണ് ചൊവ്വാഴ്ച മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കരയ്‌ക്കെത്തിച്ചത്.

കൊല്ലം സ്വദേശി അനില്‍ ജോണ്‍ എന്ന വ്യക്തിയുടെ ഉടമസ്ഥയില്‍ ഉള്ള ബോട്ടാണ് മത്സ്യബന്ധനത്തിനിടെ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് കടലില്‍ പെട്ടു പോയത്. വിഴിഞ്ഞത്തുനിന്നും മറൈന്‍ ആംബുലന്‍സില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ ദീപുവിന്റെ നേതൃത്വത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ തകരാറിലായ ബോട്ടിനെയും അതിലുണ്ടായിരുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിച്ചു.

Exit mobile version