തൃത്താലയില്‍ കാര്‍ ഇടിച്ചിട് വയോധികന് ദാരുണാന്ത്യം, നിര്‍ത്താതെ പോയ കാര്‍ പിന്തുടര്‍ന്ന് പിടികൂടി

പാലക്കാട്: തൃത്താല കൂനംമുച്ചിയില്‍ കാറിടിച്ച് വയോധികന് ദാരുണാന്ത്യം. ചാലിശ്ശേരി പട്ടിശ്ശേരി സ്വദേശി ഇച്ചാരത്ത് വളപ്പില്‍ കുഞ്ഞിപ്പ ആണ് മരിച്ചത്. തണ്ണീര്‍ക്കോട് സ്‌കൂളിന് മുന്നിലെ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന കുഞ്ഞപ്പയെ ടൊയോട്ട ഫോര്‍ച്ചൂണര്‍ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.

അപകടത്തിനിടയാക്കി നിര്‍ത്താതെ പോയ ആഡംബര കാറിനെ വിടാതെ നാട്ടുകാര്‍ പിന്തുടര്‍ന്നെങ്കിലും കാര്‍ യാത്രികര്‍ രക്ഷപ്പെട്ടു. ഞായറാഴ്ച വൈകീട്ട് 5 മണിയോടെ ആയിരുന്നു സംഭവം.

സംഭവം നടന്ന ഉടനെ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് പരിക്കേറ്റ വയോധികനെ ആദ്യം എടപ്പാളില്‍ ആശുപത്രിയിലും, പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പടിഞ്ഞാറങ്ങാടി സ്വദേശിയുടെ കാറാണ് വയോധികനെ ഇടിച്ച് വീഴ്ത്തിയതെന്ന് കണ്ടെത്തി. പിന്നീട് ഈ വാഹനം ചാലിശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

Exit mobile version