സംവരണനിഷേധത്തിനെതിരായ പ്രതിഷേധം: കെഎഎസിന്റെ അന്തിമ വിജ്ഞാപനം അനിശ്ചിതത്വത്തില്‍

സംവരണ പ്രശ്‌നം സജീവമാകുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകമെന്നാണ് മുന്നണി വിലയിരുത്തല്‍

കേരള ഭരണ സര്‍വീസിന്റെ അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നീക്കങ്ങള്‍ മരവിപ്പിക്കാന്‍ എല്‍.ഡി.എഫില്‍ ധാരണ. കെഎഎസിലെ സംവരണ നിഷേധത്തിനെതിരായ പ്രതിഷേധം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഫയല്‍ നീക്കങ്ങള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ സംവരണ നിഷേധത്തിനെതിരെ മുസ്ലിമുകള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ സമരം ശക്തമാക്കിയ സാഹചര്യത്തിലാണ് വിജ്ഞാപനം ഇറക്കാനുള്ള നടപടികള്‍ മരവിപ്പിക്കാന്‍ ഇടതുമുന്നണി തീരുമാനിച്ചത്. സംവരണ പ്രശ്‌നം സജീവമാകുന്നത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകമെന്നാണ് മുന്നണി വിലയിരുത്തല്‍.

സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ നവോത്ഥാന നീക്കങ്ങളില്‍ സഹകരിച്ചവര്‍ പോലും കെഎഎസിലെ സംവരണ നിഷേധത്തില്‍ എതിര്‍പ്പുള്ളവരാണ്. ഈ സാഹചര്യത്തിലാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ നടപടികള്‍ മരവിപ്പിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തീരുമാനിച്ചത്. അന്തിമ വിജ്ഞാപനങ്ങള്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ വിജ്ഞാപനത്തിലേക്ക് പോയാല്‍ മതിയെന്നാണ് ഇപ്പോഴുള്ള ധാരണ.

കേരള ഭരണ സര്‍വീസില്‍ പൊതു പ്രവേശനമുള്ള സ്ട്രീമില്‍ മാത്രമാണ് സംവരണം വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഉദ്യോഗസ്ഥ നിയമനമുള്ള മറ്റു രണ്ടു സ്ട്രീമിലും സംവരണം ഇല്ല. തസ്തിക മാറ്റത്തിന് സംവരണം നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനെതിരെ സംവരണ വിഭാഗങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നത്. മുസ്ലിം സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

എസ്.എന്‍. ഡി.പി ജനറല്‍ സെക്രട്ടറി വെള്ളിപ്പള്ളി നടേശന്‍ സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. സി.പി.എം എം. പിയും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറിയുമായ കെ. സോമപ്രസാദ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തു പരസ്യനിലപാട് സ്വീകരിക്കുകയുംചെയ്തു. വിവിധ പിന്നാക്ക സംഘടനകള്‍ പ്രക്ഷോഭ പരിപാടികള്‍ സജീവമാക്കുകയും ചെയ്തു.

കെ.എ.എസിലെ എല്ലാ ധാരകളിലും സംവരണമാവശ്യപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ ഉയര്‍ത്തിയ ശക്തമായ സമ്മര്‍ദ്ദമാണ് അന്തിമ വിജ്ഞാപനം ഇറക്കാനുള്ള നടപടികള്‍ മരവിപ്പിക്കുന്ന രീതിയിലേക്ക് സര്‍ക്കാര്‍ എത്തിയതിന് കാരണം.

Exit mobile version