ശബരിമലയില്‍ സ്ത്രീകള്‍ വന്നതല്ല, കൊണ്ടുവന്നതാണ്, ശബരിമലയെ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങളാണ് നടക്കുന്നത്; ആരോപണവുമായി ശശികുമാര വര്‍മ്മ

അതേ സമയം നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കരുതെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി

പത്തനംതിട്ട: അയ്യന്റെ പുണ്യ ഭൂമിയായ ശബരിമലയെ തകര്‍ക്കാനായി അണിയറയില്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുന്നുവെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര വര്‍മ്മ. ശബരിമലയിലേക്ക് സ്ത്രീകള്‍ വന്നതല്ലെന്നും അവരെ അവിടേക്ക് കൊണ്ട് വരികയായിരുന്നുവെന്നും, ഇതിന്റെ പിന്നില്‍ ആസൂത്രിത നീക്കങ്ങളുണ്ടെന്നുമാണ് ശശികുമാര വര്‍മ്മയുടെ ആരോപണം.

ഇതിനു പുറമെ ശബരിമലയിലെ പ്രശ്‌നത്തിന്റെ പേരില്‍ പന്തളം കൊട്ടാരം പ്രതിനിധികള്‍ക്ക് ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ തകര്‍ക്കാന്‍ നടക്കുന്ന ഗൂഢനീക്കങ്ങളെ തുടര്‍ന്ന് തീര്‍ത്ഥാടകര്‍ ഇവിടെ നിന്നും അകന്നുവെന്നും ഇതുമൂലം തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം നാമജപ പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ തിരുവാഭരണഘോഷയാത്രയില്‍ പങ്കെടുക്കരുതെന്ന് പറയുന്നത് അനുവദിക്കാനാകില്ലെന്നും ശശികുമാര വര്‍മ്മ വ്യക്തമാക്കി. ശബരിമലയിലെ യുവതീ പ്രവേശന വിധിയില്‍ പ്രതിഷേധിക്കാനായി നടത്തിയ നാമജപ യാത്രയില്‍ പങ്കെടുത്തവര്‍ തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കരുതെന്ന് ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദോഹം പ്രതികരിച്ചത്.

Exit mobile version