തെരുവിന്റെ മക്കളായാലും അവരും മനുഷ്യര്‍! മരം കോച്ചിപ്പിടിക്കും തണുപ്പില്‍ വിറങ്ങലിക്കുന്ന മനുഷ്യ ജീവനുകള്‍ക്ക് പുതപ്പ് നല്‍കി ‘ഗ്രാന്മ’; കളങ്കമില്ലാത്ത നിറഞ്ഞ നന്മയ്ക്ക് ബിഗ് സല്യൂട്ട് നല്‍കി സോഷ്യല്‍ മീഡിയ

ഐസായി വിറച്ച് കിടക്കുന്ന ആ കാഴ്ച വേദനാജനകമാണ്.

കോഴിക്കോട്: മരം പോലും കോച്ചിപിടിക്കുന്ന തണുപ്പിലൂടെയാണ് ഇന്ന് സംസ്ഥാനം മുന്‍പോട്ട് പോകുന്നത്. തണുപ്പിനെ മറികടക്കാന്‍ സ്വെക്ടര്‍ ധരിച്ചും, വീടുകളില്‍ പുതപ്പിന്റെ അടിയില്‍ ഒതുങ്ങി കഴിഞ്ഞും പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് മലയാളികള്‍. ഇതിനിടയില്‍ പലതും നാം കാണുന്നില്ല. തെരുവോരത്ത് കഴിയുന്ന പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെയുള്ള നിരവധി പേരാണ് തണുത്ത് വിറങ്ങലിച്ച് കിടക്കുന്നത്.

ഐസായി വിറച്ച് കിടക്കുന്ന ആ കാഴ്ച വേദനാജനകമാണ്. അവര്‍ക്കായി ശബ്ദമുയര്‍ത്തിയും, പുതപ്പ് നല്‍കിയും സംരക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് കോഴിക്കോട് ഗ്രാന്മ എന്ന നന്മ നിറഞ്ഞ കൂട്ടായ്മ. ഫുട്പാത്തില്‍ വിറച്ച് കഴിയുന്നവര്‍ക്ക് തങ്ങളാല്‍ ആകുന്ന സഹായം എന്ന നിലയ്ക്കാണ് ഇവര്‍ പുതപ്പ് വിതരണം ചെയ്തത്. കോഴിക്കോട് പരിസരത്ത് കിടന്ന് ഉറങ്ങുന്നവര്‍ക്കാണ് പുതപ്പ് നല്‍കിയത്. പുതപ്പ് ലഭിച്ചതോടെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് നന്ദിയും ഇവര്‍ അറിയിച്ചു. കിട്ടിയത് വലിയ കാര്യമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വിതരണം ഇവിടം കൊണ്ടും അവസാനിക്കുന്നില്ല. ഇനിയും തെരുവോരങ്ങളില്‍ കഴിയുന്നവരെ തേടി കണ്ടെത്തുകയും പുതപ്പ് വിതരണം തുടരുമെന്നും കൂട്ടായ്മ അറിയിച്ചു. കമ്പിളി പുതപ്പുകളും നല്‍കുന്നുണ്ട്. ഇനി ഇവര്‍ക്ക് തണുപ്പില്‍ നിന്ന് ചെറിയ ആശ്വാസമായി രാത്രിയെ കഴിച്ചു കൂട്ടാം. പാര്‍ക്കിലും, റെയില്‍വെ സ്റ്റേഷനുകളിലും കടതിണ്ണകളിലുമായി കോഴിക്കോട് നഗരത്തില്‍ 500ഓളം മക്കളാണ് തെരുവില്‍ കഴിയുന്നുണ്ട് എന്നാണ് കണക്ക്. ഗ്രാന്മയുടെ നന്മ നിറഞ്ഞ പ്രവര്‍ത്തിയ്ക്ക് നിറകൈയ്യടികളാണ് സമൂഹമാധ്യമങ്ങള്‍ നല്‍കുന്നത്.

Exit mobile version