ട്രെയിന്‍ തടഞ്ഞവര്‍ക്ക് എട്ടിന്റെ പണി; വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും

റെയില്‍ സുരക്ഷാസേന (ആര്‍പിഎഫ്) എടുത്ത ക്രമിനല്‍ കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയല്‍ ചെയ്യാനാണ് സാധ്യത. ഇതിന് ഉന്നതതലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഉണ്ടായ ദേശീയപണിമുടക്കിന്റെ ഭാഗമായി ട്രെയിന്‍ തടഞ്ഞവര്‍ വന്‍തുക നഷ്ടപരിഹാരം നല്‍കേണ്ടിവരും. പണി മുടക്കില്‍ റെയില്‍വേയ്ക്കുണ്ടായ നഷ്ടം കണക്കാക്കിവരികയാണ്. റെയില്‍ സുരക്ഷാസേന (ആര്‍പിഎഫ്) എടുത്ത ക്രമിനല്‍ കേസുകള്‍ക്കുപുറമേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രത്യേക കേസ് ഫയല്‍ ചെയ്യാനാണ് സാധ്യത. ഇതിന് ഉന്നതതലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്.

തീവണ്ടി തടഞ്ഞത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഡിവിഷന്‍ നേതൃത്വം റെയില്‍വേ മന്ത്രാലയത്തിന് സമര്‍പ്പിക്കും. ടിക്കറ്റ് ഇനത്തിലുള്ള നഷ്ടത്തിന് പുറമേ തീവണ്ടി തടഞ്ഞതുകാരണം വിവിധ വിഭാഗങ്ങളിലായുണ്ടായ നഷ്ടവും കണക്കിലെടുക്കും.

മുമ്പ് നടന്ന ചില സമരങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെയില്‍വേ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം ഡിവിഷനില്‍ 32 കേസാണ് എടുത്തത്. സംയുക്തസമരസമിതി കണ്‍വീനര്‍ വി ശിവന്‍കുട്ടി, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ എന്നിവരടക്കം ആയിരത്തിലധികംപേര്‍ പ്രതികളാണ്. ശിക്ഷിക്കപ്പെട്ടാല്‍ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുണ്ടാകും.

നിലവിലെ കേസുകള്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് നല്‍കിയിട്ടുള്ളത്. ആര്‍പിഎഫ് എടുത്ത കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണ്. വീഡിയോ, നിശ്ചലദൃശ്യങ്ങളുടെ പരിശോധനയും തുടരുന്നു. അറസ്റ്റിലായവരുടെ മേല്‍വിലാസം ശേഖരിച്ചിട്ടുണ്ട്. അതേസമയം, കര്‍ശന നിയമനടപടി തുടരാനുള്ള നിര്‍ദേശം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്.

അതിക്രമിച്ച് സ്റ്റേഷനുള്ളില്‍ കയറിയതിന് റെയില്‍വേ ആക്ട് 147 ആറുമാസം തടവും 1000 രൂപ പിഴയും ലഭിക്കും. പ്ലാറ്റ്ഫോമില്‍ മുദ്രാവാക്യം വിളിച്ച് യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കിയത് റെയില്‍വേ ആക്ട് 145 ബി ആറുമാസം തടവും 1000 രൂപ പിഴയും ആണ് ശിക്ഷ. റെയില്‍വേ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തല്‍ റെയില്‍വേ ആക്ട് 146 ആറുമാസം തടവും 500 രൂപ പിഴയും, തീവണ്ടി തടഞ്ഞതിന് റെയില്‍വേ ആക്ട് 174 എ രണ്ടുവര്‍ഷം തടവും 2000 രൂപ പിഴയും ലഭിക്കാം.

Exit mobile version