‘രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍’; വ്യാജപ്രചരണം നടത്തിയ മലപ്പുറം സ്വദേശി അറസ്റ്റില്‍

ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് സോഷ്യല്‍ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ യുവാവ് അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.

മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇ.വി.എം മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പോലീസ് കേസ് എടുത്തത്. തിരൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയിരുന്നു.

Exit mobile version