ഇടുക്കിയില്‍ കൂട്ടമായി നാട്ടിലിറങ്ങി കാട്ടാനകള്‍; ആശങ്കയില്‍ നാട്ടുകാര്‍

സാധാരണജീവിതം താറുമാറായ നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇടുക്കിയില്‍ വനമേഖലയോട് ചേര്‍ന്ന് കഴിയുന്നവര്‍.

ഇടുക്കി: ഇടുക്കിയില്‍ ആറിടങ്ങളില്‍ ഇന്നലെയും ഇന്നുമായി കാട്ടാന ആക്രമണം. ഇതോടെ സാധാരണജീവിതം താറുമാറായ നിലയിലേക്ക് എത്തിയിരിക്കുകയാണ് ഇടുക്കിയില്‍ വനമേഖലയോട് ചേര്‍ന്ന് കഴിയുന്നവര്‍.

ചിന്നക്കനാലില്‍ ഇന്ന് പുലര്‍ച്ചെ ജനവാസമേഖലയില്‍ ഇറങ്ങിയ ചക്കക്കൊമ്പന്‍ എന്ന കാട്ടാന ടൗണില്‍ തന്നെയുള്ള ഒരു വീട് ആക്രമിച്ച് വീടിന്റെ ഭിത്തിയും സീലിങുമെല്ലാം തകര്‍ത്തു.

അടിമാലി നേര്യമംഗലം റോഡില്‍ ആറാം മൈലിലും കാട്ടാനയിറങ്ങി. തുടര്‍ന്ന് ഇതുവഴി പോകുന്ന യാത്രക്കാര്‍ വനം വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. എന്നാല്‍ മണിക്കൂറുകള്‍ പിന്നിട്ടോടെ ഈ ആന ഉള്‍ക്കാട്ടിലേക്ക് തന്നെ തിരിച്ചുകയറിയത് ആശങ്ക ഒഴിഞ്ഞു. ഇതോടെ പ്രദേശത്തെ ജാഗ്രതാനിര്‍ദേശവും പിന്‍വലിച്ചു.

ഇതിനിടെ ഇടമലക്കുടിയില്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി പലചരക്ക് കട നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. കടയിലെ പച്ചക്കറിയും ധാന്യങ്ങളും ഭക്ഷിക്കുകയും നാലുപാടുമായി ചിതറിയിടുകയുമെല്ലാം ചെയ്തിട്ടുണ്ട്. ഇവിടെ കാട്ടാനകളെ കാണുന്നത് സ്ഥിരമാണെങ്കിലും ഇവ ജനവാസമേഖലയിലേക്ക് ഇറങ്ങുന്നത് അത്ര സാധാരണമല്ല. ഇതിന് വിപരീതമായാണ് ഇന്നലെ രാത്രിയും ഇന്ന് പുലര്‍ച്ചെയും നടന്ന ആക്രമണം.

ഇടമലക്കുടിക്ക് പുറമെ കുണ്ടള ഡാമിന് സമീപവും കാട്ടാനകൂട്ടം ഇറങ്ങി. ഡാമിനോട് ചേര്‍ന്നാണ് ആനകള്‍ ഇറങ്ങിയത്. ആനകളെ തുരത്താന്‍ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി.

ALSO READ ‘ജീവിതം മടുത്തു’: യുവ ഡോക്ടര്‍ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ദേവികുളത്ത് ഇന്ന് പടയപ്പയെന്ന കാട്ടാന ജനവാസമേഖലയില്‍ ഇറങ്ങിയതും പരിഭ്രാന്തി പരത്തി. ഇതിനെ പിന്നീട് ആര്‍ആര്‍ടീം തുരത്തി കാട്ടിലേക്ക് കയറ്റിവിട്ടു. ദേവികുളത്താണെങ്കില്‍ ഇന്നലെ രാത്രിയില്‍ ആറ് ആനകളുടെ കൂട്ടമാണ് ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നത്.

വേനല്‍ കടുത്തതാണോ ഇങ്ങനെ കാട്ടാനകളെ നാട്ടിലെത്തിക്കുന്നത് എന്ന സംശയമുണ്ട്. കാട്ടിനകത്തെ നീരുറവകള്‍ വറ്റുന്നതോടെ ആനകള്‍ നാട്ടിലേക്കിറങ്ങുകയാണെന്നാണ് സംശയം.

Exit mobile version