അനന്തുവിന്റെ മരണം, വിദേശത്തായിരുന്ന അച്ഛനറിഞ്ഞത് വാര്‍ത്തയിലൂടെ, ആറുമാസം കഴിഞ്ഞാല്‍ വീടിന് മുന്നില്‍ ഡോക്ടറുടെ ബോര്‍ഡ്, സങ്കടം താങ്ങാനാവാതെ കുടുംബം

നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു.

തിരുവനന്തപുരം: ലോറിയില്‍ നിന്നും കരിങ്കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാര്‍ത്ഥിയായ മുക്കോല സ്വദേശി അനന്തു മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍. പ്രദേശത്ത് നിരന്തരമായി ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.

നിംസ് കോളേജിലെ നാലാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിയായിരുന്നു അനന്തു. ഇന്നലെ രാവിലെ മുക്കോലയില്‍ അനന്തുവിന്റെ വീടിന് സമീപത്ത് വെച്ചായിരുന്നു അപകടം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോയ ടിപ്പര്‍ ലോറി റോഡിലെ കുഴിയിലേക്കിറങ്ങിയപ്പോള്‍ കല്ല് പുറത്തേക്ക് തെറിക്കുകയായിരുന്നു. അനന്തുവിന്റെ വാഹനത്തിനു പുറത്തേക്കായിരുന്നു കല്ല് വീണത്.

ടിപ്പര്‍ അമിത വേഗത്തിലാണ് വന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തുറമുഖ നിര്‍മ്മാണത്തിനായി കല്ലുകള്‍ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗത്തിനെതിരെ നേരത്തെ പരാതി ഉണ്ടായിരുന്നു.

രാവിലെ കോളേജിലേക്ക് പോയ മകന്റെ മരണ വാര്‍ത്ത വിദേശത്തായിരുന്ന അച്ഛന്‍ അറിഞ്ഞത് വാര്‍ത്തയിലൂടെയാണ്. ആറുമാസം കഴിഞ്ഞാല്‍ വീടിന് മുന്നില്‍ ഡോക്ടറുടെ ബോര്‍ഡ് വെക്കുമായിരുന്നുവെന്നും കുടുംബം അതിനായി കാത്തിരിക്കുകയായിരുന്നുവെന്നും അച്ഛന്റെ സഹോദരന്‍ പറഞ്ഞു.

അതേസമയം, അനന്തുവിന് ശസ്ത്രക്രിയയ്ക്ക് മുമ്പ് മൂന്നു തവണ ഹൃദയാഘാതം ഉണ്ടായെന്ന് അനന്തുവിന്റെ അച്ഛന്റെ സഹോദരന്‍ പറഞ്ഞു. ആദ്യത്തെ ശസത്രക്രിയക്ക് കൊണ്ടുപോയപ്പോള്‍ തന്നെ ശസ്ത്രക്രിയ ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ശരീരത്തിന്റെ ഉള്ളിലുള്ളതെല്ലാം തകര്‍ന്നുപോയിരുന്നു. കല്ല് വീണ് ആന്തരികാവയവങ്ങളെല്ലാം തകര്‍ന്നുപോയിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും അച്ഛന്റെ സഹോദരന്‍ പറയുന്നു.

ALSO READ സമൂഹവിവാഹത്തിനിടെ വരൻ എത്തിയില്ല; സ്വന്തം സഹോദരനെ വിവാഹം ചെയ്ത് വധു; കേസെടുത്ത് പോലീസ്

സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സുരക്ഷാ വീഴ്ച പരിശോധിച്ച് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. ഏപ്രില്‍ 2ന് തിരുവനന്തപുരം കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.

Exit mobile version