ബൈക്ക് പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ട് പോയി, തിരികെ വന്നപ്പോള്‍ പെട്രോളും ഹെല്‍മറ്റുമില്ല, കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ ഇത് സ്ഥിരം സംഭവം, പരാതി

സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയിട്ട് ട്രെയിന്‍ കയറാനെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് എട്ടിന്റെ പണി കിട്ടുന്നത്.

മലപ്പുറം: കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ നിന്ന് പെട്രോളും ഹെല്‍മറ്റും കാണാതാവുന്നതായി വ്യാപക പരാതി. സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയിട്ട് ട്രെയിന്‍ കയറാനെത്തുന്ന ഇരുചക്ര വാഹനയാത്രക്കാര്‍ക്കാണ് എട്ടിന്റെ പണി കിട്ടുന്നത്.

കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് പേരുടെ ഹെല്‍മറ്റാണ് നഷ്ടമായത്. കാലടി സ്വദേശിയായ യാത്രക്കാരന്റെ ഹെല്‍മറ്റും ബൈക്കിലെ പെട്രോളും നഷ്ടമായതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ ദിവസം ബൈക്ക് സ്റ്റേഷന് മുന്‍വശത്തെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തി ട്രെയിനില്‍ യാത്ര പോയതായിരുന്നു. തിരിച്ചെത്തിയപ്പോള്‍ ഹെല്‍മറ്റില്ല. ടൗണിലെ കടയില്‍ പോയി ഹെല്‍മറ്റ് വാങ്ങിയാണ് ഇയാള്‍ ബൈക്കുമായി പോയത്. ബൈക്കിലെ പെട്രോള്‍ പകുതിയിലേറെ കുറഞ്ഞതായും ഇയാള്‍ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസവും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ALSO READ ദരിദ്ര കുടുംബത്തിൽ നിന്നും ആൾദൈവമായി സമ്പന്നതയിലേക്ക്; നഗ്ന പൂജയുടെ പേരിൽ പെൺകുട്ടികൾക്ക് പീഡനം; ദൃശ്യങ്ങൾ സിഡിയിൽ; ജയിലിലും പൂജാരി വേഷവും വിഐപി ജീവിതവും

സ്റ്റേഷന് പുറത്തും പാര്‍ക്കിങ് സ്ഥലത്തും റെയില്‍വേ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാത്തതും മോഷണത്തിന് സാഹചര്യമൊരുക്കുന്നുണ്ട്. മോഷണം തുടര്‍ച്ചയായ സാഹചര്യത്തില്‍ പാര്‍ക്കിങ് സ്ഥലത്ത് സോളര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കാനാണ് വാഹന പാര്‍ക്കിങ് കരാര്‍ എടുത്തവരുടെ തീരുമാനം.

Exit mobile version