സംസ്ഥാനത്ത് ചൂട് കനക്കുന്നു; 6 ജില്ലകളില്‍ മുന്നറിയിപ്പ്

കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

മാര്‍ച്ച് 3 മുതല്‍ 5 വരെ കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 37° സെല്‍ഷ്യസ് വരെയും ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36° സെല്‍ഷ്യസ് വരെയും രേഖപ്പെടുത്താന്‍ സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാര്‍ച്ച് മാസത്തിലെങ്കിലും ആശ്വാസമേകാന്‍ മഴ എത്തുമോ എന്നായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. എന്നാല്‍ മാര്‍ച്ച് ആദ്യ ദിവസങ്ങളിലും കഠിനമായ ചൂട് തന്നെയായിരുന്നു.

ഏറ്റവും പുതിയ കാലാവസ്ഥ പ്രവചന പ്രകാരം മാര്‍ച്ച് നാലാം തിയതിയായ ഇന്നു വരെ കേരളത്തിലെ ഒരു ജില്ലയിലും മഴ സാധ്യതയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

Exit mobile version